പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ ജില്ലാതല ക്യാമ്പയിൻ സംഘടിപ്പിച്ചു. “പ്ലാസ്റ്റിക് കത്തിക്കരുത്, കത്തിച്ചു രോഗികൾ ആകരുത്” എന്ന ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു.

പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാം വാർഡിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൻ, ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഡോർ ടു ഡോർ ക്യാമ്പയിന്റെ ഭാഗമായി വീടുകളിൽ പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള നോട്ടീസ്
നൽകുകയും ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂസർ ഫീ കൃത്യമായി നൽകാത്ത വീടുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തു.

ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളിൽ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി പ്രശസ്ത മജീഷ്യൻ വിനോദ് നരനാട്ടിൻ്റെ മങ്കി ഷോയും സംഘടിപ്പിച്ചു. അസ്സി. ഡെവലപ്‌മെന്റ് കമ്മീഷണറും ശുചിത്വമിഷൻ ജില്ലാ കോഡിനേറ്ററുമായ ഷൈൻ, ചിറ്റാറ്റുകര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, സെക്രട്ടറി ജയലക്ഷ്മി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.