ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തി. വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും 45 പരാതികള്‍ കമ്മിഷന്‍ പരിഗണിച്ചു. ഇടുക്കി ജില്ലയില്‍ പൊതു സമൂഹം നേരിടുന്ന വിദ്യാഭ്യാസം- ആരോഗ്യ – കാര്‍ഷിക മേഖലകളിലെ പ്രശ്നങ്ങളാണ് പരാതികളില്‍ കൂടുതലായും ഉന്നയിക്കപ്പെട്ടത്. സീറോ- മലബാര്‍ സഭ, മലങ്കര ഓര്‍ത്തിഡോക്സ് സഭ, സാല്‍വേഷന്‍ ആര്‍മി, പരിവര്‍ത്തിത കൃസ്ത്യന്‍ സംഘം എന്നിങ്ങനെ വിവിധ ക്രിസ്ത്യന്‍ സാമുദായിക സംഘടനകളെ പ്രതിനിധികരിച്ചും ഇവര്‍ക്കു പുറമെ വ്യക്തികളായും 45 ഓളം പേര്‍ സിറ്റിങ്ങിന് ഹാജരായി. പരാതികളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, കാര്‍ഷിക- ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.
ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നീ കമ്മീഷന്‍ അംഗങ്ങളും സിറ്റിംഗില്‍ പരാതികള്‍ പരിഗണിച്ചു.