കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഒട്ടേറെ ചെറുകിട സംരംഭക യൂണിറ്റുകള്‍ ഉണ്ട്. അതോടൊപ്പം വീടുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കണമെന്നതാണ് പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റിന്റെ വാക്കുകളിലൂടെ…
സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍
കുടുംബശ്രീയിലൂടെ സംരംഭങ്ങള്‍ തുടങ്ങാന്‍ മാത്രമല്ല അതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. മൈക്രോ സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തി ടെയ്‌ലറിംഗ് യൂണിറ്റില്‍ ഒട്ടേറെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. അത്യാധുനിക മെഷീനുകളാണ് യൂണിറ്റുകളില്‍ ഉപയോഗിക്കുന്നത്. യൂണിറ്റുകളില്‍ ജോലിക്ക് വരാന്‍ സാധിക്കാത്തവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി വീടുകളില്‍ തന്നെ പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
കൂടാതെ അച്ചാര്‍, കേക്ക്, ചപ്പാത്തി, മഞ്ഞള്‍പ്പൊടി, ബയോ പെസ്റ്റിസൈഡ്‌സ് എന്നിവയുടെ നിര്‍മാണ യൂണിറ്റുകളും സജീവമാണ്. ബ്യൂട്ടീ പാര്‍ലറുകള്‍ തുടങ്ങുന്നതിനായി പരിശീലന ക്ലാസുകള്‍ നല്‍കി വരുന്നുണ്ട്.സ്‌നേഹിത ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലൂടെ എല്ലാ ബുധനാഴ്ചയും കൗണ്‍സലിംഗ് നടത്തുന്നുണ്ട്.
കാര്‍ഷിക രംഗത്തും മുന്നേറ്റം
നെല്ല്, വാഴ, റബര്‍, പൈനാപ്പിള്‍, ജൈവ പച്ചക്കറി, തീറ്റപ്പുല്‍ കൃഷി എന്നിവ വിജയകരമായി നടത്തിവരുന്നു. കൂണ്‍ കൃഷിയും പഞ്ചായത്തില്‍ നടക്കുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി എല്ലാ വാര്‍ഡിലും
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും നൂറ് ദിനം പൂര്‍ത്തിയാക്കാനായി. തൊഴിലുറപ്പ് പദ്ധതിക്കായാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചിരിക്കുന്നത്.
നിലവാരമുള്ള റോഡുകള്‍
ബി.എം.ബി.സി നിലവാരത്തിലുള്ള റോഡുകളാണ് പഞ്ചായത്തില്‍ ഭൂരിഭാഗവും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമുള്ള റോഡുകളില്‍ റീടാറിംഗും നടത്തുന്നുണ്ട്.
കോവിഡ് പ്രതിരോധം
കോവിഡ് ഷെല്‍ട്ടറും വാക്‌സിനേഷന്‍ സെന്ററും ജനോപകാരപ്രദമായി നടപ്പിലാക്കി. ആരോഗ്യ വകുപ്പിന്റേത് കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തിലും മുഴുവന്‍ സമയ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകളിലും പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സാനിറ്റൈസറും മാസ്‌ക്കും വിതരണം ചെയ്തു. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും കോവിഡ് ഷെല്‍ട്ടറില്‍ ഉണ്ടായിരുന്നു.
കുടിവെള്ളക്ഷാമത്തിന് പരിഹാരം
ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ഇടറോഡുകളിലേക്കും പൈപ്പ് ലൈന്‍ നല്‍കും. നിലവില്‍ പഞ്ചായത്തിന് വാട്ടര്‍ ടാങ്ക് ഉണ്ട്. അതിലൂടെ വിവിധ മേഖലകളിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്.
ക്ഷീര വികസനം
ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വീടുകള്‍ കേന്ദ്രീകരിച്ച് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുമായി പശു, കോഴി, ആട് എന്നിവ വിതരണം ചെയ്തു. തൊഴില്‍രഹിതര്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അഗതിരഹിത കേരളം പദ്ധതിയിലൂടെ എല്ലാ മാസവും കുടുംബാംഗങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നുണ്ട്. പഞ്ചായത്തിന് കീഴില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 49 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി
പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു. സ്‌കൂളുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതിലും പഞ്ചായത്ത് ശ്രദ്ധ ചെലുത്തുന്നുണ്ട്.
കൂടുതല്‍ സംരംഭങ്ങളും കാര്‍ഷിക വൈവിധ്യങ്ങളും ഒത്തുചേര്‍ന്ന് വികസന പാതയില്‍ മുന്നേറണമെന്ന പ്രതീക്ഷയിലാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.
അഭിമുഖം: നീര്‍ജ ജേക്കബ്