‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തൊഴിലാളികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 14 ബ്ലോക്കുകളിലായി മികച്ച പ്രവർത്തനം കാഴ്ചവച്ച 14 തൊഴിലാളികളെയാണ് ആദരിച്ചത്. ഈ സാമ്പത്തിക വർഷത്തിലും മുൻ സാമ്പത്തിക വർഷത്തിലും തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം തൊഴിൽ പൂർത്തിയാക്കിയവരും, തൊഴിലുറപ്പ് പദ്ധതിപ്രകാരം നിർദ്ദേശിച്ചിട്ടുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേതൃസ്ഥാനം വഹിക്കുന്നവരുമാണിവർ.

സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്ന വിഷയത്തിൽ സെമിനാറും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. സഖി വൺ സ്റ്റോപ്പ് സെന്റർ സൈക്കോ – സോഷ്യൽ കൗൺസിലർ വി.കെ സന്ധ്യ ക്ലാസ് നയിച്ചു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി അലക്സ്, ഷാരോൺ പനക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ് എന്നിവർ പങ്കെടുത്തു.