വിവിധ കാര്‍ഷിക പദ്ധതികള്‍ ഗുണഭോക്താക്കളായ കര്‍ഷകരിലേക്ക് എത്തുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.അഭിലാഷ് ലിഖി.ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ ലിഖി ആലപ്പുഴ ജില്ലയിലെ എഴുപുന്ന വില്ലേജിൽ നാളികേര വികസന ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തീരദേശ നാളികേര ഉത്പാദക ഫെഡറേഷൻ സന്ദർശിച്ച് കർഷകരുമായി സംവദിച്ചു.

ബോർഡ് രൂപീകരിച്ചിട്ടുള്ള ത്രിതല കേര കർഷക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.  നാളികേരോൽപാദക സംഘങ്ങളും (സി.പി.എസ്) ഫെഡറേഷനുകളും (സി.പി.എഫ്) പ്രൊഡ്യൂസർ കമ്പനികളും (സി.പി.സി) കൂട്ടായി കേര കൃഷി മേഖലയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർഷകർക്കിടയിൽ നടപ്പാക്കുകയും ചെയ്യുന്ന ഈ സംവിധാനം നൂതനമാണെന്ന് അദ്ദേഹം പറഞ്ഞു.  കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്ര ഏജൻസികൾ വഴി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് നാളികേര കർഷകരുമായി ഡോ. ലിഖി ചർച്ച നടത്തി.

ഉച്ചയ്ക്കു ശേഷം നാളികേര വികസന ബോർഡിന്റെ കൊച്ചി ആസ്ഥാനമന്ദിരത്തിൽ ഡോ. ലിഖിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ വിശദീകരിച്ച് അവലോകന യോഗം നടന്നു.  ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് ആൻഡ് ഇൻസ്‌പെക്ഷൻ പ്രതിനിധി, ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ, രാഷ്ട്രീയ കൃഷി വികാസ് യോജന ഡയറക്ടർ, ഡയറക്ടർ സീഡ്‌സ്, അസിസ്റ്റന്റ് ഡയറക്ടർ ക്വാറന്റൈൻ ആൻഡ് സ്റ്റോറേജ്, നാളികേര വികസന ബോർഡ് ഉദ്യോഗസ്ഥർ, കൊക്കോ- കശുവണ്ടി വികസന ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.