കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം ടിസ്സി എം.കെ.യെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും  മാർച്ച് 8 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.

ടിസ്സി എം.കെ. നിലവിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയതിനാൽ അംഗത്വത്തിന് പുറമെ പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും.രാജകുമാരി ഗ്രാമപഞ്ചായത്തിലേക്ക് 2015 നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ചു പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇവർ 2019 സെപ്റ്റംബർ 17 നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ വിപ്പ് ലംഘിച്ച് മത്സരിക്കുകയും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യുന്നതിനാണ് കോൺഗ്രസ് പാർട്ടി ടിസ്സിയ്ക്ക് വിപ്പ് നൽകിയിരുന്നത്. വിപ്പ് ലംഘനത്തിന് കൂറുമാറ്റ നിരോധന നിയമപ്രകാരം ടിസ്സിയെ അയോഗ്യയാക്കുന്നതിന് രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം പി.ടി. എൽദോ നൽകിയ ഹർജി തീർപ്പാക്കിയാണ് കമ്മീഷന്റെ നടപടി.