മാമം പുഴ മാലിന്യ രഹിതമാക്കി സംരക്ഷിച്ച് ഗ്രാമീണ ആരോഗ്യ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാണിക്കല്‍ ഗ്രാമ പഞ്ചായത്ത്. ഇതിനായി അനുബന്ധ ജലസ്രോതസുകളെയെല്ലാം നവീകരിച്ച് സമീപത്ത് ആവര്‍ത്തന കൃഷി വ്യാപിപ്പിക്കുമെന്ന് മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ പറഞ്ഞു. നെല്ലും നേന്ത്രവാഴയുമാണ് ഇപ്പോള്‍ പഞ്ചായത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. ശുചീകരിച്ച പുഴയോരങ്ങള്‍ സുസ്ഥിരമായി നിലനിറുത്തി പരിപാലിക്കുന്നതിന് വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.ജില്ലയില്‍ പുതുതായി ഏറ്റവും കൂടുതല്‍ കുളങ്ങള്‍ നിര്‍മ്മിച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരവും അടുത്തിടെ മാണിക്കല്‍ സ്വന്തമാക്കി.
‘പുഴയൊഴുകും മാണിക്കല്‍’ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ഹരിത കേരളം മിഷനാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വിനോദസഞ്ചാര വകുപ്പ്, ജല വിഭവ വകുപ്പ്, ജലസേചന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ സംയോജിതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ പുഴ നടത്തവും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. രണ്ട് ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. വെമ്പായം മുതല്‍ ചന്നൂര്‍വരെയുള്ള ഭാഗത്തെ പുഴ മാര്‍ച്ച് 13ന് നാട്ടുകാരുടെ സഹായത്തോടെ ശുചീകരിക്കും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പഞ്ചായത്തില്‍ അവ പരിപോഷിപ്പിക്കുന്നതിന് താമര കൃഷി, ആമ്പല്‍ കൃഷി, മത്സ്യകൃഷി, തഴപ്പായ യൂണിറ്റ് നിര്‍മ്മാണം എന്നിവയും നടന്നുവരുന്നു.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 22, ലോക ജലദിനത്തില്‍ ആരംഭിക്കും. ഗ്രാമീണ ആരോഗ്യ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി പരിപാടികളാണ് പഞ്ചായത്തില്‍ ആസൂത്രണം ചെയ്യുന്നത്. വെമ്പായത്തെ തമ്പുരാന്‍ – തമ്പുരാട്ടി പാറയില്‍ നിന്നും സൂര്യോദയവും കണ്ട് കാല്‍നടയായി സഞ്ചാരം തുടങ്ങിയാല്‍ വൈവിധ്യമായ കൃഷി രീതികളും ഗ്രാമീണ ഭംഗിയും ആസ്വദിച്ച് വൈകുന്നേരം വെള്ളാണിക്കലില്‍ എത്തി സൂര്യാസ്തമയം കാണുന്ന രീതിയില്‍ ഒരു ദിവസത്തെ പരിപാടിയാണ് ഒരുക്കുന്നത്. വഴിയിലുടനീളം ഇരിപ്പിടങ്ങളും പാര്‍ക്കുകളും ഭക്ഷണശാലകളും ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളുമുണ്ടാകും. കുട്ടവഞ്ചി സഞ്ചാരം, സൈക്ലിംഗ് പാതകള്‍, ടേക് എ ബ്രേക് തുടങ്ങിയവയും പഞ്ചായത്തിലെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ നടപ്പിലാക്കും. പ്രദേശത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതോടെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഗവേഷണ, പഠന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന ഒരിടമാകും ഇവിടം. പദ്ധതിയിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.