മലകളും മലകളെ തഴുകി ഒഴുകുന്ന പെരിയാറും ചേര്‍ന്ന് അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മലയാറ്റൂര്‍- നീലീശ്വരം. ചരിത്ര പ്രാധാന്യമുള്ള പ്രദേശം ക്രൈസ്തവ തീര്‍ത്ഥാടനത്തിനും പ്രസിദ്ധമാണ്. കൃഷി അടിസ്ഥാനമായ പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും മലയാറ്റൂര്‍- നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന്‍ സംസാരിക്കുന്നു.

കോവിഡ് പ്രതിരോധം

ജനകീയ പങ്കാളിത്തത്തോടെ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. ഈ കാലഘട്ടത്തില്‍ ആരോഗ്യകേന്ദ്രത്തിലേക്ക് മരുന്ന് വാങ്ങുന്നതിനായി 10 ലക്ഷം രൂപ പഞ്ചായത്ത് നല്‍കി. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ചുനല്‍കി.

വിദ്യാഭ്യാസ മേഖല

സ്‌കൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയ സമയത്ത് ജനകീയ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി. രണ്ട് സ്‌കൂള്‍ വണ്ടികള്‍ ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനസജ്ജമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു.

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം

പഞ്ചായത്തിലെ വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് വയോജനങ്ങള്‍ക്കും കിടപ്പു രോഗികള്‍ക്കും വാക്‌സിനേഷന്‍ നല്‍കി.

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ്

ഭിന്നശേഷിക്കാര്‍ക്ക് നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. ഇവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ടര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

കൃഷി

കാര്‍ഷികവൃത്തി അടിസ്ഥാനമായ പ്രദേശമാണ് മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത്. കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികള്‍ ഇവിടെ നടപ്പിലാക്കി വരുന്നു. കര്‍ഷകര്‍ക്ക് സബ്‌സിഡിയായി വിത്തും വളവും വിതരണം ചെയ്യുന്നു. കര്‍ഷകര്‍ക്ക് പകുതി വിലയ്ക്ക് കാലിത്തീറ്റ നല്‍കുന്നു. തരിശുനില കൃഷിക്കും പഞ്ചായത്ത് പ്രാധാന്യം നല്‍കിവരുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതി

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ആസ്തി വികസന പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും ലീഡിങ് ചാനലുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. നദീ തീരം, തോടിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിന് കയര്‍ഭൂവസ്ത്രം വിരിക്കുന്ന പ്രവര്‍ത്തനവും നടന്നുവരുന്നു.

ഹരിത കര്‍മ്മസേന

പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. സോനാംഗങ്ങള്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചില്ല് കുപ്പി എന്നിവ ശേഖരിക്കും. മാലിന്യ ശേഖരണത്തിനായുള്ള എം സി എഫ് ഉടന്‍ തന്നെ ആരംഭിക്കും. ഇവര്‍ക്ക് വാടകയ്ക്ക് വാഹന സൗകര്യമൊരുക്കുന്നതും പഞ്ചായത്ത് ലക്ഷ്യമിടുന്നു.

സംരംഭകര്‍ക്ക് സഹായം

സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 10 വനിതകളുള്ള ഒരു ഗ്രൂപ്പിന് ചെറുകിട സംരംഭം തുടങ്ങുന്നതിന് ഒരാള്‍ക്ക് 50,000 രൂപ വീതം നല്‍കിവരുന്നു. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും പഞ്ചായത്ത് നല്‍കുന്നു. മികച്ച രീതിയിലാണ് പഞ്ചായത്ത് പരിധിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം. നിരവധി സംരംഭങ്ങളും വിപണികളും കുടുംബശ്രീ അയല്‍ക്കൂട്ടം എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മാലിന്യ നിര്‍മാര്‍ജ്ജനത്തിനും കൃഷിക്കും പ്രാധാന്യം

മാലിന്യ നിര്‍മാര്‍ജ്ജനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കിക്കൊണ്ട് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ 15 ലക്ഷം രൂപ ചെലവില്‍ സി.സി.ടി.വി സ്ഥാപിക്കാനൊരുങ്ങുകയാണ്.

കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. കാര്‍ഷിക മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം കൊടുക്കുന്ന പദ്ധതികള്‍ ആയിരിക്കും ഭാവിയില്‍ നടപ്പിലാക്കുക.

അഭിമുഖം: അമൃത രാജു