ആധികാരിക രേഖകള്‍ നഷ്ടപ്പെട്ടു പോയ പട്ടികവര്‍ഗ്ഗക്കാരുടെ രേഖകള്‍ ലഭ്യമാക്കി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന പദ്ധതിയായ അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് പ്രോഗ്രാമിന് വൈത്തിരി പഞ്ചായത്തില്‍ തുടക്കം.ജില്ലാ ഭരണകൂടം, വൈത്തിരി ഗ്രാമപഞ്ചായത്ത്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ.ടി മിഷന്, അക്ഷയ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ചുണ്ടേല്‍ ആര്.സി ചര്‍ച്ച് പാരീഷ് ഹാളില്‍ തുടങ്ങിയ ക്യാമ്പ് ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ നഷ്ടപ്പെട്ടുപോയ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന് ഐ ഡി കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ വിതരണമാണ് നടക്കുന്നത്. ലഭ്യമായിരിക്കേണ്ട അടിസ്ഥാന ആധികാരിക രേഖകള്‍ പഞ്ചായത്തിലെ ഓരോ പട്ടികവര്‍ഗ്ഗക്കാരനും ഉറപ്പു വരുത്തുന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്.ശ്രീലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ്,ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ. സി ചെറിയാന്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന് സി ബോബന്, വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ ഇന്ദിര, വൈത്തിരി റ്റി.ഇ.ഒ എസ്.എസ് രജനികാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൈവശമുള്ള എല്ലാ രേഖകളും കൊണ്ടുവരേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.