പദ്ധതി വിഹിത വിനിയോഗത്തില്‍ 68.35 ശതമാനം കൈവരിച്ച് ആലപ്പുഴ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും 50 ശതമാനത്തിന് മുകളില്‍ പദ്ധതി തുക വിനിയോഗിച്ചതായി ആസൂത്രണ സമിതി യോഗം വിലയിരുത്തി. നൂറു ശതമാനം തുക വിനിയോഗിച്ച നെടുമുടി പഞ്ചായത്താണ് ജില്ലയില്‍ ഒന്നാമത്. അരൂര്‍, കാര്‍ത്തികപ്പള്ളി, മുഹമ്മ, തുറവൂര്‍ എന്നീ പഞ്ചായത്തുകള്‍ 90 ശതമാനത്തിന് മുകളില്‍ വിനിയോഗിച്ചു.

പദ്ധതി വിനിയോഗ പുരോഗതിയില്‍ നേട്ടം നിലനിര്‍ത്തിയതില്‍ ജില്ലാ കളക്ടര്‍ രേണു രാജ് തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ചു.

44 ഗ്രാമപഞ്ചായത്തുകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നു നഗരസഭകളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ബാച്ച് ആറ് വെള്ളിയാകുളം നവീകരണ പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് നല്‍കുന്ന മുറക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. പതിനാലാം പഞ്ചാവത്സര പദ്ധതി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, അവസ്ഥാ രേഖ, വികസന രേഖ പരിഷ്‌കരിക്കല്‍ എന്നിവയും യോഗം അവലോകനം ചെയ്തു.

ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.