ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവരെ സമൂഹത്തില്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. കലാലയങ്ങളും തൊഴിലിടങ്ങളും കൂടുതല്‍ ‘ഇന്‍ക്ലൂസിവ്’ ആക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രിസം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുകയെന്ന ജനാധിപത്യ കാഴ്ചപ്പാടിനെ കലാലയങ്ങളിലൂടെ പുനര്‍നിര്‍വ്വചിക്കാന്‍ ഈ പദ്ധതി സഹായകമാകും. ഓരോരുത്തരുടേയും വ്യക്തിത്വം മാനിക്കപ്പെടണമെന്നും സമത്വ ആശയങ്ങള്‍ സമൂഹത്തിന്റെ ആകെ മനോഭാവമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസം- ഇന്‍ക്ലൂഷന്‍ പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്ത് 50 കോളേജുകളില്‍ ഇന്‍ക്ലൂഷന്‍ സെല്ലുകള്‍ ആരംഭിക്കുമെന്ന് കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു.ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യമൊരുക്കുക, മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുവാന്‍ ഇവരെ പ്രാപ്തരാക്കുക, കലാലയങ്ങളിലും തൊഴിലിടങ്ങളിലും ഇത്തരക്കാര്‍ നേരിടുന്ന ചൂഷണങ്ങളും വേര്‍തിരിവുകളും ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇന്‍ക്ലൂഷന്‍ സെല്ലുകളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവ കലാലയങ്ങളില്‍ സംഘടിപ്പിക്കും. കാഞ്ഞിരംകുളം ഗവണ്‍മെന്റ്  കെ. എന്‍. എം. കോളേജില്‍ നടന്ന പരിപാടിയില്‍ എം വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായിരുന്നു.