ഭാവി തലമുറകള്‍ക്കുവേണ്ടിയുള്ള വികസനത്തിന് ഒന്നിച്ചു നില്‍ക്കണം:മുഖ്യമന്ത്രി

ഭാവി തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാലം യാഥാര്‍ത്ഥ്യമായതോടെ ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഗണ്യമായി വര്‍ധിക്കും. അതു കണക്കിലെടുത്ത് ഇവിടെ ആവശ്യമായ അധിക സൗകര്യങ്ങള്‍ വിനോദസഞ്ചാര വകുപ്പ് ഏര്‍പ്പെടുത്തും. ആലപ്പുഴയില്‍നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രാദൂരം 28 കിലോമീറ്ററായി കുറയ്ക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

മനോഹരമായ ഈ നിര്‍മിതിയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തില്ലായിരുന്നുവെങ്കിൽ നഷ്ടമാകുമായിരുന്നുവെന്ന് പാലം നിര്‍മിക്കുന്നതിന് മുന്‍ കൈ എടുത്ത സ്ഥലം ജനപ്രതിനിധിയായ രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചുകൊണ്ട്  മുഖ്യമന്ത്രി പറഞ്ഞു.

പാലത്തിന് സമീപം നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, സി.ആര്‍. മഹേഷ്, പി.പി. ചിത്തഞ്ജന്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ്. മനോ മോഹന്‍, ജനപ്രതിനിധികളായ അംബുജാക്ഷി ടീച്ചര്‍, ദീപ്തി രവീന്ദ്രന്‍, എന്‍. സജീവന്‍, യു. ഉല്ലാസ്, ജോണ്‍ തോമസ്, വസന്ത രമേശ്, പി.വി. സന്തോഷ്, നിഷ അജയകുമാര്‍, രശ്മി രഞ്ജിത്ത്, ടി. ഷൈമ, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.