ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഭൂജല സംരക്ഷണവും പരിപോഷണവും’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക  സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോജി വി. എസ് വിഷയാവതരണം നടത്തി.

കാര്‍ഷിക, ഗാര്‍ഹിക, വ്യാവസായിക മേഖലകളില്‍ ഭൂജലശേഷി പരിഗണിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ജലസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ടെന്നും സുസ്ഥിര ഭൂജല വികസനത്തിന് കിണര്‍ റീചാര്‍ജിങ്, മഴക്കുഴി നിര്‍മ്മാണം, ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂജല വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജേഷ് എസ്. ആര്‍ സംസാരിച്ചു. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് എസ്. ഫിറോസ് ലാല്‍, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സരിത, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.