ഫോർട്ട് കൊച്ചി ബീച്ച് സൗന്ദര്യവത്ക്കരണവും സംരക്ഷണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഫോർട്ട്കൊച്ചി ഫോക് ലോർ കൾച്ചറൽ തീയറ്ററിൽ നടന്ന യോഗത്തിൽ കെ.ജെ മാക്സി എം എൽഎ, മേയർ എം. അനിൽ കുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി എസ് എം എൽ ) സി ഇ ഒ എസ്.ഷാനവാസ്, ഡെപ്യൂട്ടി മേയർ കെ.എ ആൻസിയ, സബ് കളക്ടർ വിഷ്ണു രാജ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റിഡ് (കെ എം ആർ എൽ),
ഇറിഗേഷൻ, ടൂറിസം ഉൾപ്പെടെ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഫോർട്ട് കൊച്ചി ബീച്ച് സൗന്ദര്യവത്ക്കരണത്തിന് മുന്നോടിയായി തീരസംരക്ഷണത്തിന് പുലി മുട്ടുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ചെന്നൈ ഐ ഐ ടി യുടെ അംഗീകാരത്തോടെ ഏപ്രിൽ ആദ്യം വാരത്തിനകം സമർപ്പിക്കുവാൻ ഇറിഗേഷൻ വകുപ്പിന് യോഗം നിർദേശം നൽകി.

ബീച്ച് സൗന്ദര്യവത്ക്കരണവുമായി ബന്ധപ്പെട്ട് കെ എം ആർ എൽ ആണ് പ്രൊപ്പോസൽ അവതരിപ്പിച്ചത്. സൗന്ദര്യവത്ക്കരണവുമായി ബന്ധപ്പെട്ട് .കെ എം ആർ എൽ തയ്യാറാക്കിയ രൂപരേഖയും യോഗത്തിൽ പ്രദർശിപ്പിച്ചു. കെ എം ആർ എല്ലും സി എസ് എം എല്ലും സംയുക്തമായാണ് ബിച്ച് സൗന്ദര്യ വത്ക്കരണത്തിനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നത്.