അങ്ങാടിപ്പുറത്ത് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു

സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ സംഘടിപ്പിച്ച മലപ്പുറം മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നേടുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സർവകലാശാലകളും പുതിയ തൊഴിൽ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ഞളാംകുഴി അലി എം. എൽ.എ അധ്യക്ഷനായി.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് മലപ്പുറം മെഗാ ജോബ് ഫെയർ നടത്തിയത്. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ നടന്ന ജോബ്‌ഫെയറിൽ 600ൽ അധികം പേർ രജിസ്റ്റർ ചെയ്തു. 75 തൊഴിൽദാതാക്കളും മേളയിൽ പങ്കെടുത്തു.

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ മുഖ്യാതിഥിയായി. പെരിന്തൽമണ്ണ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ മുസ്തഫ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സഈദ ടീച്ചർ, ജില്ല പഞ്ചായത്ത് ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ്, പഞ്ചായത്ത് അംഗം രത്നകുമാരി, എഡിഎം എൻ.എം മെഹറലി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, ജില്ല പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ എന്നിവർ സംസാരിച്ചു.