നവകേരള തദ്ദേശകം 2022 ജില്ലാതല അവലോകന യോഗം ചേര്‍ന്നു
ജനങ്ങളെ ഭരിക്കുകയല്ല അവര്‍ അര്‍ഹിക്കുന്ന സേവനം നല്‍കുക എന്നതാണ് പ്രാദേശിക ഗവണ്‍മെന്റുകളുടെ ചുമതലയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണം എന്ന സങ്കല്‍പ്പത്തില്‍ നിന്നു മാറി ജനങ്ങളുടെ സേവന പ്രവര്‍ത്തകരായി മാറാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധിക്കുമ്പോഴാണ് ഏകീകൃത ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ വന്നതിന്റെ ഗുണമേന്മ പൊതു ജനങ്ങള്‍ക്ക് ബോധ്യമാവുകയെന്നും മന്ത്രി പറഞ്ഞു.
നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകള്‍ ഉണ്ടാവും. ഫയലുകളില്‍ കുറിപ്പെഴുതി താഴേക്കും മേലേക്കും തട്ടിക്കളിക്കാന്‍ ഇനി അനുവദിക്കില്ല. അപേക്ഷകളില്‍ എന്തെങ്കിലും അപാകതകളോ അപൂര്‍ണതയോ നിയമപരമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷകനെ പോയി കണ്ട് തിരുത്തല്‍ വരുത്തി അതിവേഗം സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അല്ലാത്തവര്‍ക്ക് നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍-മെയ് മാസത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള എല്ലായിടങ്ങളിലും വിവിധ ഏജന്‍സികള്‍ മുഖേന വിരല്‍തുമ്പില്‍ സേവനം നല്‍കാന്‍ സാധിക്കും.
അതിന് സേവന തല്‍പ്പരരായ ഉദ്യോഗസ്ഥരെ ഒരുക്കിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതു പോലെ ഒരു ഫയല്‍ എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതമാണ്. ആ ജീവിതം കരുപിടിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകളാണ് ഓരോ ജീവനക്കാരും നിര്‍വഹിക്കുന്നത്. രാഷ്ട്രീയ അഴിമിതി അവസാനിപ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമിതി ഇപ്പോഴുമുണ്ട്. ഇത് അവസാനിപ്പിക്കണമെങ്കില്‍ ജില്ലാ തലത്തിലുള്ള ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രമിക്കണം. ഇത്തരം കൂടിക്കാഴ്ചകളുടെ ലക്ഷ്യം ഇതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഓരോ നിമിഷവും നവീകരിച്ചുകൊണ്ടു മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളു. അതില്‍ ശാസ്ത്ര സാങ്കേതിക വിദ്യകളെയും ഉള്‍ച്ചേര്‍ക്കണം. ഇതിന്റെ എല്ലാം ഗുണപ്രാപ്തി എല്ലാവര്‍ക്കും ലഭ്യമാകുമെന്ന പൊതുബോധം ഉണ്ടാക്കണം. ഈ കാര്യങ്ങളെല്ലാം ചേര്‍ത്ത് ഒരു അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത്.
അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ തൊഴിലവസരങ്ങള്‍ ഒരുക്കി നല്‍കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും അതിനായി സംരംഭകരാകാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് വേണ്ട ലൈസന്‍സുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീടുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിന്‍ വഴി സുമനസ്സുള്ളവരില്‍ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതിദരിദ്രരായി കണ്ടെത്തിയവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പരമാവധി സേവനം നല്‍കി അവരെ പൊതുധാരയുടെ ഭാഗമാക്കണം. അടുത്ത നാലു കൊല്ലത്തിനു ശേഷം കേരളത്തില്‍ അതിദരിദ്ര വിഭാഗത്തില്‍ ഒരാളും ഉണ്ടാകില്ലെന്നും വാതില്‍പ്പടി സേവന പദ്ധതിയിലൂടെ ഏത് സേവനവും സന്നദ്ധ സംവിധാനം വഴി എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പുതിയ നവീകരണങ്ങളിലൂടെ മുന്നോട്ടുപോയാല്‍ 25 വര്‍ഷത്തിനുള്ളില്‍ വികസിത സമൂഹത്തോടൊപ്പം ഇന്ത്യയില്‍ സ്ഥാനം നേടുന്ന ഒരേയൊരു തുരുത്തായി കേരളം മാറുമെന്നും കേരളത്തെ നവീകരിക്കാന്‍ മുന്നില്‍ നില്‍ക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനത്തിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 പഞ്ചായത്ത് അസോസിയേഷൻ ഹാളില്‍ നടന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലയിലെ മുൻസിപ്പൽ ചെയർമാൻമാരുടെ പ്രതിനിധിയായ കെ.എം.ലാജി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബിനു മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അംബിക, , അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ, സംയോജിത തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ്. ബാലമുരളി, എല്‍.എസ്.ജി.ഡി സ്‌പെഷ്യല്‍ സെക്രട്ടറി കണ്ണന്‍, എല്‍.എസ്.ജി.ഡി ജോയ്ന്റ് ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, ചീഫ് ടൗണ്‍ പ്ലാനര്‍ പ്രശാന്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു തുടങ്ങിയവരും പങ്കെടുത്തു.