കോവിഡിനു ശേഷമുള്ള അനന്തപുരിയുടെ ഉണർവിനെ മധുരതരമാക്കാൻ ഷഹബാസ് അമൻ പാടുന്നു. നമ്മുടെ സ്വപ്നങ്ങളിലേക്കും പ്രണയങ്ങളിലേക്കും ഭൂതകാലത്തിലേക്കും ഇതൾ സ്പർശമായി മാർച്ച് 17 ന് രാത്രി എട്ടുമണിക്ക് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് മധുരമായ്… നിന്നെ എന്ന സംഗീത പരിപാടി നടക്കുക. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് എന്നിവയുടെ വിതരണ ചടങ്ങിനോടനുബന്ധിച്ചാണ് ഷഹബാസ് പാടുന്നത്. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗസലിന്റെ മാന്ത്രികതയും മലബാറിന്റെ മൊഞ്ചും ഒന്നു ചേരുന്ന ഷഹബാസിന്റെ ആലാപന വൈഭവം കോവിഡിനു ശേഷമുള്ള അനന്തപുരിക്ക് പുത്തൻ അനുഭവമാകും. മൗനത്തിൻ അലകൾ ഒഴുകുന്ന സൂഫി ലാളിത്യത്തോടെ ഷഹബാസ് ഗാനം ആലപിക്കുമ്പോൾ പ്രപഞ്ചത്തിന്റെ മിഴികൾ നാം ഒന്നുകൂടിക്കാണും. സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കവർന്നിട്ടുള്ള ഈ ഗായകന്  ചലച്ചിത്ര ഗാനാലാപനത്തിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി ഗസൽക്കച്ചേരികൾ നടത്തിയിട്ടുള്ള കലാകാരനാണ് ഷഹബാസ്. ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.