തീരദേശവാസികളുടെ ആവശ്യമായ പൊഴിയൂർ അഞ്ചുതെങ്ങ് കെഎസ്ആർടിസി ബസ് സർവീസ് മാർച്ച് 18ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ തീര മേഖലയിലെ തെക്കേ അറ്റത്തെ പൊഴിയൂർ മുതൽ ജില്ലയുടെ വടക്കേ അതിർത്തിയായ അഞ്ചുതെങ്ങ് വരെയുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സഫലമാവുന്നത്.
പൊഴിയൂരിൽ നിന്ന് ഉച്ചക്കട, പൂവാർ, പുതിയതുറ, പുല്ലുവിള, മുക്കോല, വിഴിഞ്ഞം, കോവളം, പാച്ചല്ലൂർ, തിരുവല്ലം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി, പുതുകുറിച്ചി, തുമ്പ, സെന്റ് ആൻഡ്രൂസ്, കഠിനംകുളം, പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി വഴി അഞ്ചുതെങ്ങ് വരെയാണ് പുതിയ ബസ് റൂട്ട്. പൊഴിയൂരിൽ നിന്നും അഞ്ചുതെങ്ങിൽ നിന്നും രാവിലെ ഏഴു മുതൽ ഒന്നരമണിക്കൂർ ഇടവിട്ട് ഇരു ദിശകളിലേക്കും ബസ് സർവീസ് നടത്തും. പൊഴിയൂരിൽ നിന്ന് അഞ്ചു തെങ്ങിലേക്ക് നിരവധി ബസുകൾ കയറിയിറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു തീരദേശ നിവാസികൾ. പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതോടെ അതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.