ശുചിത്വത്തിനും കുടിവെള്ളത്തിനും ഊന്നല്‍

ശുചിത്വ സുന്ദര നഗരം, എല്ലാവര്‍ക്കും കുടിവെള്ളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി നീലേശ്വരം നഗരസഭാ ബജറ്റ്. സമ്പൂര്‍ണ്ണ പെന്‍ഷന്‍ നഗരസഭയാക്കുന്നതടക്കം നാടിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2022 – 23 വര്‍ഷത്തേക്ക് 70,19,01, 571 രൂപ വരവും 68, 06, 34, 890 രൂപ ചെലവും 2,12,66,681 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.പി മുഹമ്മദ് റാഫി അവതരിപ്പിച്ചു. പാലായി പ്രദേശത്തെ ശുദ്ധജലം ഉപയോഗിച്ച് പാലായിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും തീരദേശത്തെയും കുടിവെള്ള ക്ഷാമവും ഉപ്പുവെള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിനായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുടെ സഹകരണത്തോടെ ബൃഹത്തായ കുടിവെള്ള പദ്ധതി നടപ്പിലാക്കാനുള്ള ഇടപെടല്‍ നഗരസഭ നടത്തും. ഇതിന്റെ പ്രാഥമിക പഠനത്തിനായി 10 ലക്ഷം രൂപ വകയിരുത്തി.

തനതു ഫണ്ടും പദ്ധതി വിഹിതവും പ്രയോജനപ്പെടുത്തി കടിഞ്ഞിമൂല, വേളു വയല്‍, കിഴക്കേകര, പാണ്ടിക്കോട്, പുറത്തേക്കൈ, തൈക്കടപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ കുടിവെള്ള പദ്ധതിക്കായി ഒന്നരക്കോടി രൂപ വകയിരുത്തി. ചിറപ്പുറം പ്ലാന്റിലെ ആര്‍.ആര്‍.എഫ് (റിസോഴ്‌സ് റിക്കവറി സെന്റര്‍ ) നവീകരിക്കും. പ്ലാസ്റ്റിക് സംസ്‌കരിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കെട്ടിട സൗകര്യവും ആധുനിക യന്ത്ര സാമഗ്രികളും സ്ഥാപിക്കുന്നതിന് ലോക ബാങ്കിന്റെ സഹകരണത്തോടെ ഒരു കോടി രൂപ ചെലവഴിക്കും. നഗരസഭാ പരിധിയില്‍ പ്രധാനപാതയുടെ അരികില്‍ വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ എംസിഎഫും വാര്‍ഡുകളില്‍ മിനി എം സി എഫ് കളും സ്ഥാപിക്കാന്‍ 70 ലക്ഷം രൂപ മാറ്റിവയ്ക്കും. മാലിന്യ നീക്കത്തിന് ആയി 15 ലക്ഷം രൂപ ചെലവിട്ട് പുതിയ വാഹനം വാങ്ങും.

ചാത്തമത്തെയും ചിറപ്പുറത്തെയും വാതക ശ്മശാനങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കാന്‍ നഗരസഭ 10 ലക്ഷം രൂപ ചെലവഴിക്കും. ജലസ്രോതസ്സുകള്‍ ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി നാരാന്‍കുളങ്ങര, മന്നം പുറം, പാലായി, ചാത്തമത്ത്, പട്ടേന, ചിറപ്പുറം എന്നിവിടങ്ങളിലെ പൊതു കുളങ്ങള്‍ നവീകരിക്കും. ഇവിടെ മത്സ്യകൃഷിക്കും നീന്തല്‍ പരിശീലനത്തിനും പ്രയോജനപ്പെടുത്തും. ഇതിനായി 50 ലക്ഷം രൂപയാണ് വകയിരുത്തി. കോവിലകം ചിറ സൗന്ദര്യവത്കരണത്തിനയി ഒരു ലക്ഷം രൂപ അനുവദിക്കും.ദേശീയ പാതയോരത്ത് ടോയ്‌ലറ്റ് കോംപ്ലക്‌സ്, ടേക്ക് എ ബ്രേക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കച്ചേരിക്കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഓഫീസ് കോംപ്ലക്‌സ് പരിസരം, ടൗണ്‍ ബസ്റ്റാന്റ്, കോണ്‍വെന്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പൊതു ശൗചാലയങ്ങളും നിര്‍മ്മിക്കുന്നതിനു വേണ്ടി 25 ലക്ഷം രൂപ നീക്കിവെയ്ക്കും. രാജാ റോഡ് വികസനം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം അനുവദിച്ചു. നഗരസഭ പുതിയ കെട്ടിടത്തില്‍ കെ.എസ്.ഇ.ബിയുമായി സഹകരിച്ച് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം മാറ്റി വെക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഹൈടെക് ആക്കാന്‍ പത്തു ലക്ഷം രൂപ മാറ്റി വയ്ക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കും കൗണ്‍സിലിങ്ങും ആരംഭിക്കാന്‍ അഞ്ചു ലക്ഷം രൂപ മാറ്റിവയ്ക്കും. നീലേശ്വരത്തെ ജനതയെ ആരോഗ്യമുള്ള ജനതയാക്കി മാറ്റുന്നതിന് ഹെല്‍ത്ത് നീലേശ്വരം എന്ന പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും. ഇതിനായി 10 ലക്ഷം രൂപ മാറ്റിവയ്ക്കും. ലൈഫ് പദ്ധതിക്ക് നഗരസഭാ വിഹിതമായി 1 കോടി രൂപ വകയിരുത്തി. ദേശീയ പാതയോരത്ത് നഗരസഭ ഏറ്റെടുത്ത 40 സെന്റ് സ്ഥലത്ത് ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ആധുനിക മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കും. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി പത്തുലക്ഷം രൂപ അനുവദിച്ചു. നഗരസഭാധ്യക്ഷ ടി.വി ശാന്ത അധ്യക്ഷയായി.