ലക്ഷ്യ മെഗാ ജോബ് ഫെയറിന് മികച്ച പ്രതികരണം
186 പേര്‍ക്ക് നിയമനമായി, 791 തസ്തികകളിലേക്ക് ഷോര്‍ട്ട് ലിസ്റ്റായി
പൊതുവിദ്യാഭ്യാസത്തിന്റേയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളമെന്നും കൂടുതല്‍ മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നല്‍കി ആഗോള തലത്തില്‍ തൊഴില്‍ നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ സംസ്ഥാന നൈപുണ്യ വികസന വകുപ്പ് വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ലക്ഷ്യ മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ നൈപുണ്യ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തി വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലധിഷ്ഠിതമായാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്ന മന്ത്രി നാടിന്റെ ഭാവിയ്ക്കുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഉദ്യോഗാര്‍ത്ഥികളോടായി പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്.
നീറമണ്‍കര എന്‍.എസ്.എസ് കോളേജ് ഫോര്‍ വിമന്‍സില്‍ നടന്ന തൊഴില്‍ മേളയില്‍ 1027 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ 186 പേര്‍ക്ക് നിയമനമായി. 791 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 625 ഓളം പേര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ പ്രയോജനപ്പെടുത്തി. 61 ഓളം സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ തേടി മേളയിലെത്തിയത്.
ആഗ്രഹിക്കുന്ന ജോലി നേടുക എന്നത് ഓരോരുത്തരുടേയും സ്വപ്‌നമാണ്. അത് സാക്ഷാത്കരിക്കാനുള്ള വേദിയാണ് ജില്ലാ ഭരണകൂടം ഒരുക്കിയതെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു.