ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൈവ കാർഷികോത്സവം 2022 ഏപ്രിൽ 9 മുതൽ 12 വരെ എറണാകുളം ടൗൺഹാളിൽ നടക്കും. കൊച്ചി കോർപറേഷന്റെ പങ്കാളിത്തത്തോടെ ഹീൽ കൊച്ചി പ്രോജക്ടിന്റെ ഭാഗമായാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്. ” ജൈവകൃഷിയും ജൈവ വൈവിധ്യ സമ്പന്നതയും – കാലാവസ്ഥാ വ്യതിയാന പ്രത്യാഘാത ലഘൂകരണത്തിനും – മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥകളുടെയും നിലനിൽപ്പിനും അതിജീവനത്തിനും” എന്നതാണ് പ്രമേയം.

ജൈവ കാർഷികമേളയുടെ ഭാഗമായി ജൈവ കാർഷിക ഉത്പന്നങ്ങൾ, തദ്ദേശീയമായ പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ, കിഴങ്ങുവർഗങ്ങൾ, വിത്തിനങ്ങൾ, ജൈവ വളക്കൂട്ടുകള്‍
പ്രകൃതിസൗഹൃദ കീടനിയന്ത്രണ മാർഗങ്ങൾ, മാമ്പഴം, ചക്ക എന്നിവയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങൾ, തുണി, നാരുകൾ എന്നിവ കൊണ്ട് നിർമിച്ച സഞ്ചികൾ, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ, കളിമൺ ഗൃഹോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പുനരുജ്ജീവന ജൈവകൃഷി വിജ്ഞാനവ്യാപന പഠന പരിശീലന പരിപാടികൾ, കാർബൺ ന്യൂട്രൽ ഫാമിംഗ്, കാർബൺ സ്വിക്വസ്ട്രേഷൻ പ്രായോഗിക കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.