വിത്തു മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതിയൊരു കാര്‍ഷിക നയം ആവിഷ്‌കരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി സ്മാരക,
കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള പട്ടികജാതി വികസന വകുപ്പ് ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

നാടിന്റെ ജീവനാഡിയായ കര്‍ഷകര്‍ക്കാണ് മറ്റേത് വിഭാഗങ്ങളേക്കാളും പരിഗണന നല്‍കേണ്ടത് എന്ന ചിന്തയില്‍ നിന്നാണ് ജനകീയാസൂത്രണ രജതജൂബിലി സ്മാരകമായി കാര്‍ഷിക വിപണ കേന്ദ്രം നിര്‍മ്മിക്കാന്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ചടങ്ങില്‍ തഹസില്‍ദാര്‍ വിനോദ് രാജ് , പദ്മശ്രീ എം. കെ. കുഞ്ഞോല്‍ മാഷ് എന്നിവരെ ആദരിക്കുകയും ചെയ്തു.

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, ശാരദാ മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചന്‍, എന്‍. പി. അജയകുമാര്‍, മിനി ബാബു, ശില്പ സുധിഷ്, മനോജ് തോട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.