എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രായമംഗലം. ദീര്‍ഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികളാണ് രായമംഗലം പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചും ഭാവിപരിപാടികളെപ്പറ്റിയും പ്രസിഡന്റ് എന്‍.പി അജയകുമാര്‍ സംസാരിക്കുന്നു…

കായകല്പ പുരസ്‌കാര നേട്ടം

സംസ്ഥാന സര്‍ക്കാരിന്റെ കായകല്പ പുരസ്‌കാരം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് രായമംഗലം കുടുംബാരോഗ്യകേന്ദ്രമാണ്. ഗവൺമെന്റ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്പ. രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, രോഗികള്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങള്‍, ജീവനക്കാരുടെ പെരുമാറ്റം, പഞ്ചായത്തിന്റെ ഇതര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍, ഡി.സി.സി (ഡൊമിസിലിയറി കെയര്‍ സെന്റര്‍) , ടെലി മെഡിസിന്‍, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് ജില്ലാതലത്തിൽ ഒന്നാമതെത്താൻ സഹായിച്ചത്.

കോവിഡ് പ്രതിരോധം
കോവിഡ് പ്രതിരോധത്തിനായി സക്രിയമായ പ്രവര്‍ത്തനമാണ് പഞ്ചായത്ത് നടത്തിയത്. ആദ്യം എല്ലാ വാര്‍ഡുകളിലും വാര്‍ റൂം ആരംഭിച്ചു. 150 അധ്യാപകരും സന്നദ്ധപ്രവര്‍ത്തകരും വാര്‍ റൂമിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ഡൊമിസിലിയറി കെയര്‍ സെന്റര്‍ സജ്ജമാക്കി. ഏപ്രില്‍ ആദ്യവാരം മുതല്‍ വാക്‌സിനേഷനായി മാസ്സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വീടുകള്‍ തോറും കയറിയിറങ്ങിയായിരുന്നു പ്രചാരണം നടത്തിയത്. തുടര്‍ന്ന് വാക്‌സിനേഷനായി രണ്ട് ഔട്ട് റീച്ച് ക്യാമ്പുകള്‍ ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ വാക്‌സിനേഷനും പ്രത്യേകം ശ്രദ്ധകൊടുത്തു. കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിലെ യുവജനങ്ങളുടെയും ആശാ പ്രവര്‍ത്തകരുടെയും പങ്ക് എടുത്ത് പറയേണ്ടതാണ്.

പ്രത്യേകിച്ച് ഒരു ആഹ്വാനവും ഇല്ലാതെ തന്നെ കോവിഡ് ദുരിതാശ്വാസത്തിനായി പൊതുസമൂഹത്തിന്റെ സഹായം ലഭിച്ചു. 10 ലക്ഷം രൂപയോളമാണ് ഇത്തരത്തില്‍ പഞ്ചായത്തിന് കിട്ടിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാനും ഈ തുക ഉപയോഗിച്ചു. 35 ഫോണുകളാണ് പഞ്ചായത്ത് വാങ്ങിക്കൊടുത്തത്.

കൃഷി

കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കിവരുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 11 കുളങ്ങളില്‍ മത്സ്യകൃഷി ഇറക്കിയിട്ടുണ്ട്. പഴയ ഭരണസമിതിയുടെ തുര്‍ച്ചയായിട്ടാണ് പദ്ധതി പുരോഗമിക്കുന്നത്. ഇതുവരെ 10 ടണ്‍ മത്സ്യത്തിന്റെ ഉത്പാദനം നടന്നിട്ടുണ്ട്. പച്ചക്കറിക്കൃഷിയുടെ വ്യാപനം ലക്ഷ്യമിട്ട് ഒരു ലക്ഷത്തോളം ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്തത്. അതിനാവശ്യമായ വളവും ലഭ്യമാക്കി. വനിതാഘടക പദ്ധതിയുടെ ഭാഗമായി
1,700 വീടുകളില്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ മുട്ടക്കോഴികളെ കൊടുത്തു. അര്‍ഹരായവര്‍ക്ക് പോത്തുകുട്ടിയെ കൊടുക്കുന്ന പദ്ധതിയും നടപ്പിലാക്കി. നെല്‍കൃഷി വ്യാപിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. തരിശുനിലങ്ങളെല്ലാം കൃഷിയിടങ്ങളായി മാറ്റണം എന്നതാണ് ലക്ഷ്യം.
കേര സംരക്ഷണത്തിന്റെ ഭാഗമായി 17,000 തെങ്ങുകളിൽ ചെല്ലി ശല്യമില്ലാതാക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തു.

പൊതുവിദ്യാലയങ്ങള്‍

പഞ്ചായത്തിന് കീഴില്‍ മൂന്ന് പൊതുവിദ്യാലയങ്ങളാണുള്ളത്. ഇത്തവണ ശുചിത്വ മിഷന്റെ ഫണ്ട് മുഴുവന്‍ സ്‌കൂളുകള്‍ക്കായാണ് ഉപയോഗിച്ചത്. സ്‌കൂളുകളുടെ ആവശ്യമനുസരിച്ച് ശുചിമുറി സമുച്ചയങ്ങൾ അനുവദിച്ചു. മികച്ച സൗകര്യങ്ങളോടെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ പെയിന്റിങ് പൂർത്തിയായി. ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് ഒരു സ്‌കൂളില്‍ പ്രവേശന കവാടവും ചുറ്റുമതിലും നിര്‍മ്മിക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ മൂന്ന് സ്‌കൂളുകള്‍ക്കായി ഏകദേശം 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അങ്കണവാടികളുടെ പ്രവര്‍ത്തനത്തിനും മികച്ച രീതിയിൽ സഹായം നൽകുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തവണ വ്യക്തിഗത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രദ്ധ കൊടുത്തത്. ബി.പി.എല്‍ വിഭാഗത്തില്‍ ഉൾപ്പെടുന്നവര്‍ക്ക് തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട്, കിണര്‍ തുടങ്ങിയവ നിര്‍മ്മിച്ച് നല്‍കി.

പഞ്ചായത്തിന്റെ മധ്യഭാഗത്തായി ഒരു വിലയതോട് കടന്നുപോകുന്നുണ്ട്. പക്ഷേ, ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. ഈ തോട് ഏകദേശം 4.5 കിലോമീറ്റര്‍ ചെളിനീക്കി വൃത്തിയാക്കി വരുന്നു. തോട്ടിലേക്കുള്ള കൈവഴികള്‍ തൊഴിലുറപ്പ് പദ്ധതി വഴി നവീകരിച്ചു.

ഡേ ആന്റ് നൈറ്റ് വാക്ക് വേ

രായമംഗലം പഞ്ചായത്തിലെ തായ്ക്കര ചിറയില്‍ ഹെല്‍ത്ത് പാര്‍ക്ക് എന്ന നിലയില്‍ ഡേ ആന്റ് നൈറ്റ് വാക്ക് വേ ഒരുങ്ങുകയാണ്. വാക്ക് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വൈകാതെ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. പുതിയ ഭരണസമിതി ഇതുവരെ ഒൻപത് ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

ടൂറിസം

വിനോദസഞ്ചാര മേഖലയില്‍ നിലവില്‍ മൂന്ന് സാധ്യതകളാണ് മനസിലുള്ളത്. മണിപ്പാറ വെള്ളച്ചാട്ടം, മുടിയേറ്റ് , അലങ്കാര മത്സ്യങ്ങള്‍. ഇവ മൂന്നിനേയും സംയോജിപ്പിച്ച് ഒരു പദ്ധതി നടപ്പിലാക്കണമെന്നാണ് ആഗ്രഹം. മണിപ്പാറ വെള്ളച്ചാട്ടം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. പഞ്ചായത്തിലെ കീഴില്ലം കേന്ദ്രീകരിച്ച് മുടിയേറ്റ് എന്ന കലാരൂപം സജീവമാണ്. ഒരു പെര്‍ഫോമന്‍സ് സെന്റര്‍ നിർമിച്ചാൽ സഞ്ചാരികൾക്ക് ആ കലാരൂപത്തെ ആസ്വദിക്കാനും അടുത്തറിയാനും സാഹചര്യമുണ്ടാകും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കും അതൊരു അംഗീകാരമാകും. മറ്റൊന്ന് അലങ്കാര മത്സ്യങ്ങളാണ്. അലങ്കാര മത്സ്യങ്ങളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണ് രായമംഗലം പഞ്ചായത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് അലങ്കാരമത്സ്യങ്ങളെ വാങ്ങാൻ ഇവിടെ എത്തുന്നത്. ഈ സാധ്യതയേയും കോര്‍ത്തിണക്കി ഒരു ടൂറിസം ചെയിന്‍ ഉണ്ടാക്കിയാല്‍ പഞ്ചായത്തിലെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. അനുബന്ധ സംരംഭങ്ങള്‍ക്കും സാധ്യതയുണ്ട്. പഞ്ചായത്തിന് അഭിവൃദ്ധിയും ഉണ്ടാകും.

മാലിന്യപ്രശ്‌നം

മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഗൗരവമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് കൈക്കൊള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഹരിത കര്‍മസേനയും പഞ്ചായത്തില്‍ പ്രവർത്തിക്കുന്നുണ്ട്.

മുന്നിലുള്ളത്

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കണം. അതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കിടത്തി ചികിത്സ, ലാബുകളുടെ നവീകരണം തുടങ്ങി ഒരു ആധുനിക ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്നാണ് ആഗ്രഹം.

കുറുപ്പുംപടിയില്‍ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കണം. ഒരു തിയേറ്റർ ഉൾപ്പെടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ നേരത്തെ ഉള്ളതാണ്. പ്രത്യേക ഊന്നല്‍ നൽകി പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

പഞ്ചായത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 100 സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സാഹചര്യമൊരുക്കാൻ പരിശ്രമിക്കുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കണം എന്നതും വലിയ സ്വപ്ന പദ്ധതിയാണ്.

അഭിമുഖം: അമൽ കെ വി