എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടും മുനമ്പം അഴിയോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഇടപെടുന്ന തൊഴില്‍ മേഖല മത്സ്യബന്ധനവും സംസ്‌കരണവും വിപണനവുമാണ്. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് രമണി അജയന്‍ സംസാരിക്കുന്നു…

പശ്ചാത്തല മേഖല

അഞ്ചര കോടി രൂപയുടെ ഫണ്ടാണ് പശ്ചാത്തല മേഖലയ്ക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ മൂന്നര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്തിക്കഴിഞ്ഞു.

ഉത്പാദന മേഖല

കാര്‍ഷികരംഗത്ത് കൃഷിഭവനുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടത്തിവരുന്നു. ജൈവ പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കാനായി ‘ചട്ടിയില്‍ പച്ചക്കറി’ എന്ന പദ്ധതി നടത്തുന്നുണ്ട്. ഓരോ വാര്‍ഡിലും 25 പേര്‍ക്ക് വീതം ചട്ടികളും തൈകളും നല്‍കി വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പഞ്ചായത്ത്. ജൈവ പച്ചക്കറിക്കൃഷി മാത്രമുള്ള പഞ്ചായത്തായി പള്ളിപ്പുറത്തെ മാറ്റാന്‍ കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹായവുമുണ്ട്.

മാലിന്യ നിര്‍മാര്‍ജനം

ഹരിത കര്‍മസേനയുടെ സഹായത്തോടെ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് എംസിഎഫില്‍ എത്തിക്കുന്നു. എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാസ്റ്റിക് മാലിന്യം ഷ്രെഡിംഗ് യൂണിറ്റ് ഉപയോഗിച്ച് പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു. ഹരിത കര്‍മസേനയ്ക്ക് ആവശ്യമായ ട്രോളി വണ്ടികള്‍, ഉപകരണങ്ങള്‍ എന്നിവ പഞ്ചായത്ത് നല്‍കിവരുന്നു. കൂടാതെ വീടുകളില്‍ ജൈവ മാലിന്യം ശേഖരിച്ച് ജൈവവളമാക്കാന്‍ രണ്ട് ബക്കറ്റുകള്‍ വീതം നല്‍കി വരുന്നു.

എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക്

പഞ്ചായത്തില്‍ ഭൂരിഭാഗവും വെള്ളം കയറുന്ന പ്രദേശങ്ങളായതിനാല്‍ സെപ്റ്റിക് റിംഗിനേക്കാള്‍ ആവശ്യം സെപ്റ്റിക് ടാങ്ക് ആണ്. അതിനാല്‍ ഓരോ വാര്‍ഡിലും സെപ്റ്റിക് ടാങ്ക് ഇല്ലാത്ത 25 വീടുകള്‍ക്ക് 8,000 രൂപ വീതം നല്‍കി ടാങ്ക് നിര്‍മിക്കാന്‍ സഹായിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക് നിര്‍മിക്കുക എന്നതാണ് ലക്ഷ്യം.

പശ്ചാത്തല മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളുടെ നീരൊഴുക്ക് വര്‍ധിപ്പിക്കാനുള്ള നടപടികള്‍, കൃഷി, മാലിന്യ നിര്‍മാര്‍ജ്ജനം, ക്ഷീരമേഖല എന്നിവയ്ക്കാണ് അടുത്ത സാമ്പത്തിക വര്‍ഷം പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. അശരണര്‍ക്കായി അഗതി മന്ദിരം പണിയുക എന്നതും മുഖ്യലക്ഷ്യമാണ്. കൂടാതെ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ‘ആയിരം പേരില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍’ എന്ന പദ്ധതിക്കായി കുടുംബശ്രീ വഴി സംരംഭകരെ വളര്‍ത്തിയെടുക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പഞ്ചായത്ത് മുന്‍കൈയെടുക്കും.

അഭിമുഖം: നിസ്രി എം കെ