കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു കൊണ്ട് സമഗ്രവും സമ്പൂർണവുമായ ബജറ്റ് അവതരിപ്പിച്ച് ചേരാനെല്ലൂർ പഞ്ചായത്ത്‌. ശുചിത്വം, സാമ്പത്തിക, സാമൂഹിക ഉന്നമനം, ആരോഗ്യം എന്നീ മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സത്യ സായി സേവ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ട് പഞ്ചായത്തിൽ സൗജന്യ ഡയാലിസിസ് സംവിധാനം ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്.

ആരോഗ്യമുള്ള യുവത്വമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ കളിക്കളം ഒരുക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കായും ബജറ്റിൽ തുക മാറ്റി വെച്ചിട്ടുണ്ട്. ചിറ്റൂർ ഓപ്പൺ ജിമ്മിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കും. കണ്ണൻകുളം നവീകരണം യഥാർഥ്യമാക്കുന്നതിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. സ്വയം തൊഴിൽ ആരംഭിക്കുന്നതിനുള്ള അപേക്ഷകർക്കുള്ള നടപടികൾ കൂടുതൽ സുതാര്യമാക്കും.

കാർഷിക മേഖലയിൽ കുടുംബശ്രീയുടെ സഹകരണത്തോട് കൂടി കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള തുകയും ബജറ്റിൽ വകയിരുത്തി. 24.68 കോടി രൂപ വരവും കോടി രൂപ 25.01 കോടി രൂപ ചെലവും 67 ലക്ഷം രൂപ മിച്ചവും വച്ചാണ് ബഡ്ജറ്റിലെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ചേരാനെല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആരിഫ മുഹമ്മദ്‌ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ്‌ കെ. ജി രാജേഷ് അധ്യക്ഷത വഹിച്ചു.