*മെഡിക്കൽ കൗൺസിലുകളുടെ വെബ്‌സൈറ്റ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു
കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ജനസൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. മെഡിക്കൽ കൗൺസിലുകളുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം കൗൺസിലിന്റെ പ്രവർത്തനത്തിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ബ്രാൻഡായി അറിയപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകം മുഴുവൻ ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ നൂതനവും സമകാലികവും ആക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
പുതിയ കൗൺസിൽ അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും മന്ത്രി നടത്തി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് അധ്യക്ഷയായിരുന്നു. സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ ഗ്രാൻസി ടി.എസ്, മോഡേൺ മെഡിസിൻ കൗൺസിൽ പ്രസിഡന്റ് ഡോ.ഹരികുമാരൻ നായർ ജി.എസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ പ്രസിഡന്റ് ഡോ.ശ്രീകുമാർ റ്റി.ഡി, ഹോമിയോപതിക് മെഡിസിൻ പ്രസിഡന്റ് ഡോ.സി സുന്ദരേശൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.