ലോക ക്ഷയരോഗ ദിനാചാരണം ജില്ലാതല പരിപാടി തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ വിഷയാവതരണം നടത്തി. സിനിമാ താരം സരയൂ മോഹന്‍ ക്ഷയരോഗവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സജിത് ജോണ്‍ ക്ഷയരോഗ ദിന സന്ദേശം നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കാതറിന്‍ സുശീല്‍ പീറ്റര്‍, ഡോ.ഉമ്മന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആരംഭിച്ച ക്ഷയരോഗ ബോധവത്ക്കരണ റാലി ലായം കൂത്തമ്പലം ഹാളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ശരത് ജി റാവു സ്വാഗതവും ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസറായ മുഹമ്മദ് ബൈജു നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് എസ്.ഐ.എം.ഇ.ടി സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, പി.എസ് മിഷന്‍ ആശുപത്രിയിലെ ഡി.എം.എല്‍.ടി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷയരോഗ വിരുദ്ധ സന്ദേശം അടങ്ങിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലയില്‍ കളമശേരി ഗവ.മെഡിക്കല്‍ കോളേജിലും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും ക്ഷയരോഗാണുബാധിതരെ കണ്ടെതുന്നതിനുള്ള ഐ.ജി.ആര്‍.എ ടെസ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെ 237 ടെസ്റ്റുകള്‍ ചെയ്തതില്‍ 43 പേര്‍ക്ക് രോഗബാധ ഉണ്ടെന്ന് കണ്ടെത്തി അവര്‍ക്ക് ചികിത്സ നല്‍കി വരുന്നു. കഴിഞ്ഞവര്‍ഷം 2,780 പേര്‍ക്കാണ് ജില്ലയില്‍ ക്ഷയരോഗം ബാധിച്ചത്. ഇതില്‍ 57 പേര്‍ 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഈ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നു.