ഉദ്പാദന സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 30,36,76,325 രൂപ വരവും, 28,13,85,344 രൂപ ചെലവും 2,22,90,981 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്നതാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ.് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷനായി. ഉല്പാദന മേഖലയില്‍ 1,35,15,040 രൂപയും സേവന മേഖലയില്‍ 10,69,47,442 രൂപയും നീക്കിവച്ചിട്ടുണ്ട് .
പശ്ചാത്തല മേഖലയില്‍ 1,44,12,540 രൂപയും റോഡ് ആന്റി സംരക്ഷണ പ്രവര്‍ത്തനത്തിന് 1,58,97,000 രൂപയും റോഡിതര ആസ്തി സംരക്ഷണത്തിന് 93,79,000 രൂപയും ബജറ്റില്‍ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റീചാര്‍ജിങ് സ്റ്റേഷനും കുലേരി സ്‌കൂളിനോടു ചേര്‍ന്ന് സ്പഷ്യല്‍ കെയര്‍ സെന്റര്‍ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ് . അക്കേഷ്യ രഹിത പഞ്ചായത്ത് ആക്കും.
തൃക്കരിപ്പൂര്‍ ടൗണ്‍ നവീകരണത്തിനായി മാസ്റ്റര്‍പ്ലാന്‍, തൃക്കരിപ്പൂര്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ എന്നിവ നടപ്പിലാക്കും. ഹരിത കര്‍മ സേനയുടെ സഹായത്തോടെ ക്ലീന്‍ തൃക്കരിപ്പൂര്‍ യാഥാര്‍ഥ്യമാകും.നിര്‍മ്മാണത്തിലിരിക്കുന്ന ടേക്ക് ബ്രേക്ക് പ്രവര്‍ത്തിയുടെ വിപുലീകരണം നടത്തി ജില്ലയിലെ ഏറ്റവും മികച്ച വഴിയോര വിശ്രമകേന്ദ്രം ആക്കി മാറ്റി ഈ വര്‍ഷം തന്നെ പ്രവര്‍ത്തി ആരംഭിക്കും.
വെള്ളാപ്പ് എന്‍ആര്‍എച്ച്എം ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പണിയും. ഇളമ്പച്ചി ഹോമിയോ ആശുപത്രി എംഎല്‍എ ഫണ്ടില്‍ പണിത പുതിയ കെട്ടിടത്തിലേക്ക് മാറും. ഇതിന്റെ ഇലക്ട്രിക് പ്രവര്‍ത്തിയുള്‍പ്പെടെയുള്ള ഫിനിഷ് വര്‍ക്ക് പഞ്ചായത്ത് ഏറ്റെടുക്കും.
മൈത്താണി ജിഎല്‍പി സ്‌കൂള്‍, നടക്കാവ് കാറ്റാടി ഗ്രൗണ്ട്, ഒളവറ സങ്കേത സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പുതിയ മിനിസ്റ്റേഡിയം എന്നിവ ബജറ്റിലുണ്ട്.
മെട്ടമ്മല്‍ എന്‍.മഹമൂദ് ഹാജി സ്മാരക സ്റ്റേഡിയം, ഇളമ്പച്ചി മിനിസ്റ്റേഡിയം, ആയിറ്റി മിനിസ്റ്റേഡിയം നവീകരിക്കും. പഞ്ചായത്തിലെ തര്‍ക്ക പരിഹാരത്തിനായി പഞ്ചായത്ത് തല സമിതി രൂപീകരിക്കും. തീരദേശ റോഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്‌പെഷ്യല്‍ പദ്ധതി. തൃക്കരിപ്പൂര്‍ ബസ്റ്റാന്‍ഡില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയും. എല്ലാ വീടുകളിലും ജൈവ കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കും.
കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നുകൊണ്ട് നെല്‍പ്പാടങ്ങളിലും കൃഷിയിറക്കല്‍. പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ സംരംഭകര്‍ക്കായി വിപണന കേന്ദ്രവും തൊഴില്‍ശാല നിര്‍മ്മാണവും. പ്ലാസ്റ്റിക് ക്യാരിബേഗ്, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കുന്നതിന് കര്‍മപദ്ധതികള്‍. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ പൊതുടാപ്പുകള്‍ ഒഴിവാക്കാന്‍ നടപടി. ലഹരിമുക്ത ബോധവല്‍ക്കരണവും ക്യാമ്പസുകളിലും വാര്‍ഡുകളിലും ജാഗ്രതാസമിതി. രാജീവ് ഗാന്ധി സ്റ്റേഡിയം കരാര്‍ ഉടമ്പടിയില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നടത്തിപ്പിനായി നല്‍കും .കൊവ്വപുഴ, മധുരങ്കൈ തോട് നവീകരണത്തിന് സ്‌പെഷ്യല്‍ പാക്കേജ് എന്നിവയും ബജറ്റിലെ പ്രഖ്യാപനങ്ങളാണ്.
കെ.മീന വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, കൃഷ്ണന്‍ മാസ്റ്റര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ഷീബ ഉമ്മര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.