പഞ്ചായത്ത് സ്റ്റേഡിയത്തിന് സ്ഥലമെടുക്കും

കാര്‍ഷിക മേഖല, കായിക മേഖല, പാര്‍പ്പിടം, കുടിവെള്ളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ചെറുവത്തൂര്‍ പഞ്ചായത്ത് ബജറ്റ്. 30,25,51780- രൂപ വരവും, 29,90,01,000- രൂപ ചെലവും 35,50,780- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവന്‍ അവതരിപ്പിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീളയുടെ അധ്യക്ഷയായി. ചെറുവത്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് വേണ്ടി സ്ഥലമെടുക്കുന്നതിന് ഒരു കോടി രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതിക്ക് ഒന്നര കോടി രൂപയും ബജറ്റില്‍ വകയിരുത്തി . എംസിഎഫ് നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപയും, പുതിയ സംരംഭങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും വകയിരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പത്ത് കോടി രൂപയാണ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വനിത-ശിശു-വയോജന ഭിന്നശേഷി എന്നിവര്‍ക്കായുള്ള പദ്ധതികള്‍ ബജറ്റില്‍ ആവശ്യമായ വകയിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഉത്പാദന മേഖലയില്‍ എഴുപത്തി എട്ട് ലക്ഷം രൂപയും, ചെറുവത്തൂര്‍ ടൗണ്‍ സൗന്ദര്യ വത്കരണത്തിന്റെ രൂപരേഖയ്ക്കുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്ത്രീപക്ഷ കേരളം നവകേരളം ലക്ഷ്യം വെച്ച് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കുടുംബശ്രീയും എക്‌സൈസ് വകുപുമായി സഹകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തും. പഞ്ചായത്ത് കേന്ദ്രീകരിച്ച് കൊണ്ട് ജാഗ്രത കേന്ദ്രം ആരംഭിക്കും. കാര്‍ബണ്‍ രഹിത പഞ്ചായത്തിന്റെ ആദ്യ നടപടിയായി സോളാര്‍ സംവിധാനം നടപ്പില്‍ വരുത്തും.
കായിക മേഖലയില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ നിരയിലാണ്. കായിക മേഖലയിലുള്ള സ്റ്റേഡിയത്തിന്റെ കുറവ് നികത്തുന്നതിന് വേണ്ടി സ്ഥലം വാങ്ങാന്‍ ഒരു കോടി രൂപയും വകയിരുത്തി.