ക്ഷയരോഗത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്ക് ക്ഷയരോഗത്തെ കുറിച്ചുള്ള അവബോധം കുറവാണ്. എന്നാല്‍ ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സൂചനയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നല്‍കുന്നത്. ക്ഷയരോഗം ബാധിച്ച് ദിനംപ്രതി 4100 പേര്‍ മരിക്കുന്നു. 28000 പേര്‍ ദിനംപ്രതി രോഗബാധിതരാവുന്നു. അതുകൊണ്ട് രോഗത്തിനെതിരെ ജാഗ്രതയും അവബോധവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ ടിബി സെന്ററിന് പുതിയ വാഹനം അനുവദിക്കും. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടിബി സെന്റര്‍ മറ്റൊരിടത്തേക്ക് മാറ്റില്ല എന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉറപ്പ് നല്‍കി. ജില്ലാ ടിബി സെന്ററിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ രോഗത്തെ ആശ്വാസകരമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി എം മുനീര്‍ അധ്യക്ഷത വഹിച്ചു.
ക്ഷയരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആദരിച്ചു. ടിബി വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി എം മുനീര്‍ നിര്‍വഹിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ചവരെയും ആദരിച്ചു. ജില്ലാ ആര്‍സിഎച്ച് ഡോ മുരളീധരന്‍ നല്ലൂരായ ക്ഷയരോഗ ദിന സന്ദേശം നല്‍കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ ടി മനോജ് ക്ഷയരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാസര്‍കോട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത, കാസര്‍കോട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടി കെ വിജയകുമാര്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ സി കെ ഷീബ മുംതാസ്, ഐഎംഎ കാസര്‍കോട് പ്രസിഡന്റ് ഡോ: നാരായണ നായിക്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ കെ കെ രാജാറാം, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ റിജിത് കൃഷ്ണന്‍ എന്നിവര്‍ സംസാരി്ച്ചു. ജില്ലാ ടിബി ഓഫീസര്‍ ഡോ ടി പി ആമിന സ്വാഗതവും ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.