ഏറെ പെരുമകളുമായി പെരിയാറിന്റെ തീരത്ത് നിലകൊള്ളുന്ന ഗ്രാമമാണ് കൂവപ്പടി. വര്‍ഷംതോറും ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന കപ്രിക്കാട് അഭയാരണ്യം (കോടനാട്) ഇക്കോടൂറിസം കേന്ദ്രം കൂവപ്പടി ഗ്രാമപഞ്ചായത്തിലാണ്. നിരവധി സവിശേഷതകളും പൈതൃകവുമുള്ള ഈ പഞ്ചായത്തിനെ ഇപ്പോള്‍ നയിക്കുന്നത് മിനി ബാബു ആണ്. പ്രസിഡന്റിന്റെ വാക്കുകളിലേക്ക്…

‘ക്ലീന്‍ കൂവപ്പടി , ഗ്രീന്‍ കൂവപ്പടി’

പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ട് ‘ക്ലീന്‍ കൂവപ്പടി , ഗ്രീന്‍ കൂവപ്പടി’ എന്ന സമഗ്ര മാലിന്യനിര്‍മ്മാര്‍ജന പദ്ധതിക്ക് തുടക്കംകുറിച്ചു. ഹരിത കര്‍മസേനയുടെ സേവനം മികവാര്‍ന്ന രീതിയില്‍ ലഭ്യമാകുന്നുണ്ട്. ഏകദേശം 123 ടണ്‍ അജൈവ മാലിന്യങ്ങളാണ് ഇതുവരെ ശേഖരിച്ച് നീക്കം ചെയ്തത്. ഈ ഉദ്യമത്തിന് പൊതുജനങ്ങളുടെ പിന്തുണ നല്ല രീതിയിൽ ലഭിക്കുന്നുണ്ട്. വാര്‍ഡുതലത്തില്‍ മിനി എം.സി.എഫുകള്‍ സ്ഥാപിച്ച് വരുകയാണ്. ഒരു മെയിന്‍ എം.സി.എഫും വൈകാതെ സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ ഉറവിടത്തില്‍ തന്നെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. ഇതിനെല്ലാം പുറമെ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടൂറിസം സാധ്യതകള്‍

ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് പഞ്ചായത്ത് കൊടുക്കുന്നത്. കപ്രിക്കാട് അഭയാരണ്യം ഇക്കോടൂറിസം (കോടനാട്) കേന്ദ്രമാണ്
പഞ്ചായത്തിലെ പ്രധാന ആകര്‍ഷണം. പെരിയാറിന്റെ അതിമനോഹര കാഴ്ചകളും കൂവപ്പടിയുടെ പ്രത്യേകതയാണ്. നെടുമ്പാറച്ചിറയും മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ്. ഇവയെല്ലാം പരമാവധി ഉപയോഗപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ശ്രമം. പെരിയാറിന്റെ തീരങ്ങളില്‍ ഇതിനകം 1,400 മുളകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് നടപ്പാതയും ഇരിപ്പിടങ്ങളും സ്ഥാപിക്കാനാണ് നീക്കം. അഭയാരണ്യത്തിലെത്തുന്ന വിദേശികളെ ഉള്‍പ്പെടെ പെരിയാറിന്റെ വശ്യഭംഗിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കോടനാടുള്ള പാര്‍ക്ക് നിലവില്‍ പ്രവർത്തനരഹിതമാണ്. ഇത് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള പ്രോജക്ട് രൂപീകരിക്കുന്നുണ്ട്. തൊട്ടുച്ചിറ, മുട്ടുച്ചിറ എന്നീ ജലാശയങ്ങള്‍ നവീകരിച്ച് ബോട്ടിംഗ് ഉള്‍പ്പെടെ ആരംഭിക്കണം.

ആത്മീയ ടൂറിസത്തിനും കൂവപ്പടിയില്‍ അവസരമുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നന്ദീ ശില്‍പങ്ങളിലൊന്ന് കൂവപ്പടിയിലെ അയ്മുറി ക്ഷേത്രത്തിലാണുള്ളത്. തോട്ടുവ ധന്വന്തരി ക്ഷേത്രവും, ചേരാനല്ലൂര്‍ പള്ളിയും നിരവധിയാളുകള്‍ എത്തുന്ന ആത്മീയകേന്ദ്രങ്ങളാണ്. കൂടാതെ പ്രസിദ്ധമായ മലയാറ്റൂര്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള പ്രധാനപാതകള്‍ കടന്നുപോകുന്നതും കൂവപ്പടിയിലൂടെയാണ്. ഇവയെല്ലാം സംയോജിപ്പിച്ച് ഒരു പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന് പ്രാമുഖ്യം നല്‍കി മുന്നോട്ട് പോകാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ വിപുലീകരണം ഘട്ടംഘട്ടമായി സാധ്യമാക്കും. ടൂറിസത്തെ വരുമാനമാര്‍ഗമാക്കി മാറ്റി പഞ്ചായത്തിലെ പരമാവധിയാളുകള്‍ക്ക് തൊഴില്‍ കൊടുക്കണം എന്നതാണ് ലക്ഷ്യം.

തണലും പൂവും

മലയാറ്റൂരിലേക്കുള്ള പ്രധാന പാതകളായ വല്ലം-പാണംകുഴി റോഡ്, കീഴില്ലം-കുറിച്ചിലക്കോട് റോഡ് എന്നിവ സൗന്ദര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ രണ്ട് റോഡുകളുടെ വശങ്ങളിൽ തണല്‍ മരങ്ങളും പൂച്ചെടികളും നട്ട് ആകര്‍ഷകമാക്കും. ‘തണലും പൂവും’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കാര്‍ഷിക രംഗം

കാര്‍ഷികമേഖലയ്ക്കായി ഈ സാമ്പത്തിക വര്‍ഷം 30 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. മുഖ്യമായും നെല്‍കൃഷിക്ക് പ്രോത്സാഹനം നല്‍കിവരുന്നു. തരിശുനിലങ്ങളില്‍ കൃഷി ഇറക്കുന്നതിനും ശ്രദ്ധ കൊടുക്കുന്നുണ്ട്.

ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിഴങ്ങ് വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു. ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ ഒരു വാര്‍ഡില്‍ 75 എണ്ണം വീതം നല്‍കി. 3,500 തെങ്ങിന്‍ തൈകള്‍ വൈകാതെ വിതരണം ചെയ്യും. ക്ഷീരമേഖലയ്ക്ക് താങ്ങായി പാലിന് ഇന്‍സെന്റീവ്, കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തി ആടുകളെയും മുട്ടക്കോഴികളെയും വിതരണം ചെയ്തു.

ആരോഗ്യമേഖല

കോടനാട് ഹെല്‍ത്ത് സെന്ററിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്. ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികളുടെ പ്രവര്‍ത്തനത്തിനും മികച്ച പിന്തുണ നല്‍കുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനവും നന്നായി നടക്കുന്നു.

കോവിഡ് പ്രതിരോധം

കോവിഡ് പ്രതിരോധത്തിനാണ് ഈ ഒരു വര്‍ഷം ഏറ്റവും പ്രധാന്യം കൊടുത്തത്. ആദ്യം തന്നെ സി.എഫ്.എല്‍.ടി.സി
ആരംഭിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്യഘട്ടത്തില്‍ 10 ലക്ഷം രൂപ അനുവദിച്ചു. ആവശ്യമുള്ള ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും, പള്‍സ് ഓക്‌സീമീറ്റററുകളും ലഭ്യമാക്കി. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും ടെസ്റ്റ് ചെയ്യാന്‍ പോകുന്നതിനുമായി വാഹനങ്ങള്‍ ക്രമീകരിച്ചു. സമൂഹ അടുക്കള ആരംഭിക്കുകയും ആവശ്യമുള്ള എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കുകയും ചെയ്തു. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.

പൊതുവിദ്യാലയങ്ങള്‍

പഞ്ചായത്തിന് കീഴില്‍ വരുന്ന പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കിവരുന്നു. രണ്ട് സ്‌കൂളുകള്‍ക്ക് അടുക്കള നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കൂവപ്പടി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

പഞ്ചായത്തിലെ നവീകരിച്ച ബഡ്‌സ് സ്‌കൂള്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടേക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ആകെ അഞ്ച് ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.

തൊഴിലുറപ്പ്

തൊഴിലുറപ്പ് പ്രവര്‍ത്തനം പഞ്ചായത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. ഏകദേശം നാല് കോടി രൂപയാണ് തൊഴിലുറപ്പ് വഴി ചെലവഴിച്ചത്. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച പഞ്ചായത്ത് കൂവപ്പടിയാണ്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയവ നിര്‍മ്മിക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കിയാണ് തൊഴിലുറപ്പിന്റെ പ്രവര്‍ത്തനം.
കുടുംബശ്രീ യൂണിറ്റുകളും നല്ലരീതിയിലാണ് പോകുന്നത്. പഞ്ചായത്തിന്റെ എല്ലാവിധ സഹായങ്ങളും കുടുംബശ്രീക്ക് നൽകുന്നുണ്ട്. സ്റ്റേഷനറി കട, കേരള ചിക്കന്‍ ഔട്ട് ലെറ്റ്, ഡ്രൈ ഫിഷ് നിര്‍മ്മാണ യൂണിറ്റ്, പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ നടത്തിവരുന്നു.

ഹരിത കേരളം

ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി ദിനത്തില്‍ സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പതിനായിരം ഫലവൃക്ഷത്തൈകള്‍ പഞ്ചായത്തിലുടനീളം വച്ചുപിടിപ്പിച്ചു. തൊഴിലുറപ്പിന്റെ സഹായത്തോടെയായിരുന്നു ഈ പദ്ധതി. ‘കുട്ടിക്കൊരു കശുമാവ്’ എന്ന പേരില്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് കശുമാവിന്‍ തൈ വിതരണം ചെയ്തിരുന്നു.

ഊര്‍ജ മേഖല

പഞ്ചായത്ത് ഓഫീസിന് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഓഫീസിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി ഉത്പാതിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമാകും. ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി വഴിവിളക്കുകള്‍ എല്‍.ഇ.ഡി ആക്കി മാറ്റിയിട്ടുണ്ട്.

പൊതുശ്മശാനം

പഞ്ചായത്തില്‍ ഒരു പൊതുശ്മശാനം നിര്‍മ്മിക്കണം എന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്. അതിനായി പഞ്ചായത്തിന്റെ 30 സെന്റ് സ്ഥലമാണ് വിനിയോഗിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ വാതക ശ്മശാനമാണ് ഇവിടെ നിര്‍മ്മിക്കുക. ഏകദേശം 30 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.

അമൽ കെ വി