യുവത്വ കാലത്ത് പട്ടില്‍ വിരിയുന്ന സാരികളുടെ ഭംഗി ഏതൊരാളെയും പോലെ പാര്‍വതിയെയും ആകര്‍ഷിച്ചെങ്കിലും ആ മേഖലയിലെ ജോലി, ജീവിതത്തില്‍ വരുമാന മാര്‍ഗമാകുമെന്നോ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം നേടാന്‍ കാരണമാകുമെന്നോ പാര്‍വതി ഒരിക്കലും വിചാരിച്ചിരുന്നില്ല.

പാലക്കാട് സ്വദേശിയായ പാര്‍വതി 16 വര്‍ഷം മുന്‍പാണ് പട്ടുവസ്ത്ര നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. കൗതുകം മൂലമാണ് നെയ്ത്ത് തൊഴിലിലേക്ക് എത്തിയതെങ്കിലും ഓരോ തവണയും പൂര്‍ത്തിയാക്കിയ പട്ടിലെ സൃഷ്ടികള്‍ തൊഴിലിനെ ആവേശമാക്കാന്‍ സഹായിച്ചെന്ന് പാര്‍വതി പറയുന്നു.

ചുമട്ടു തൊഴിലാളിയായ രാധാകൃഷ്ണനാണ് ഭര്‍ത്താവ്. പാലക്കാട് ജില്ലയിലെ ചിതലി പട്ടു വസ്ത്ര നിര്‍മാണ യൂണിറ്റിലാണ് പാര്‍വതി ജോലി ചെയ്യുന്നത്. പരമ്പരാഗത രീതിയിലാണ് പാര്‍വതി ഉള്‍പ്പടെയുള്ളവര്‍ പുടവകള്‍ നെയ്യുന്നത്. ഒപ്പം ജോലി ചെയ്യുന്ന എട്ടു പേരും പുരസ്‌കാരത്തിന് അപേക്ഷിച്ചിരുന്നവെങ്കിലും അഭിമുഖങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ പാര്‍വതിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്.