ജില്ലാ ഭരണകൂടത്തിന്റെയും നിയമ സഹായ അതോറിറ്റിയുടേയും വനിതാശിശുവികസന വകുപ്പിന്റെയും വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ചേര്‍ച്ച’ വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് കോഴ്‌സ് നടത്തി. മാര്‍ച്ച് 21 തിങ്കളാഴ്ച സബ് ജഡ്ജും ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറിയുമായ എം. സുഹൈബ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലിച്ചാനടുക്കം. എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നാല് ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ ആറ് മാസത്തിനുള്ളില്‍ വിവാഹ നടക്കാനിരിക്കുന്ന 45 യുവതീ യുവാക്കള്‍ക്ക് ക്ലാസ് നല്‍കി.
വിവാഹവും പിന്‍തുടര്‍ച്ച അവകാശവും വിവാഹ മോചനവും സംബന്ധിച്ച വിഷയത്തില്‍ സബ് ജഡ്ജും ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറിയുമായ എം. സുഹൈബ് ക്ലാസെടുത്തു. സാമ്പത്തിക സാക്ഷരത, കുടുംബ ബജറ്റ് വിഷയത്തില്‍ വെള്ളിക്കോത്ത് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ എന്‍ ഷില്‍ജി ക്ലാസെടുത്തു. സൈബര്‍ ഇടങ്ങളിലെ അശ്രദ്ധയും അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും വിഷയത്തില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.കെ അജിത്ത്, മദ്യവും മയക്ക് മരുന്നും വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍, മാനസീകാരോഗ്യവും സ്ത്രീ പുരുഷന്‍മാരുടെ മനശാസ്ത്രവും വിഷയത്തില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ബി.എസ് റീമ, പ്രത്യുത്പാദന ആരോഗ്യവും ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളും വിഷയത്തില്‍ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോണ്‍ ജോണ്‍ കെ, ഇന്റര്‍ പേഴ്സണല്‍ റിലേഷന്‍, പരസ്പര ബഹുമാനം, കുടുംബത്തിലെ ജനാധിപത്യ രീതികള്‍, ട്രസ്‌ററ് മാനേജ് മെന്റ് വിഷയത്തില്‍ പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസ് സ്‌കൂള്‍ കൗണ്‍സിലര്‍ നിസ്സി മാത്യു, രക്ഷാകര്‍തൃത്വവും കുട്ടികളുടെ മനശ്ശാസ്ത്രവും വിഷയത്തില്‍ നീലേശ്വരം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലൈല, സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഹൊസ്ദുര്‍ഗ്ഗ താലൂക്ക് ലീഗല്‍സര്‍വ്വീസ് കമ്മറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എം സുനിത നേതൃത്വം നല്‍കിയ ക്യാമ്പിന്റെ സമാപന ചടങ്ങില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സ്ത്രീധന ഗാര്‍ഹിക പീഡനങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ദുരഭിമാനക്കൊലകള്‍ക്കും പ്രണയപ്രതികാരങ്ങള്‍ക്കുമെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന പെരുമാറ്റ വൈകല്യം, മാനസിക വൈകല്യങ്ങള്‍, ആഡംബര ജീവിതത്തോടുള്ള ആഭിമുഖ്യം, ഉപഭോഗ സംസ്‌ക്കാരം എന്നിവയ്ക്കെല്ലാം കൗണ്‍സിലിങ് ആവശ്യമായതിനാലാണ് പദ്ധതി നടപ്പിലാക്കുന്നത്.
