സാങ്കേതിക വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കണം, തികച്ചും വിദ്യാര്‍ഥി കേന്ദ്രീകൃതവും സമൂഹ കേന്ദ്രീകൃതവുമായിരിക്കണം വിദ്യാഭ്യാസമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാങ്കേതിക വിദ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അതിനനുസൃതമായ വിദ്യാഭ്യാസം നല്‍കണം. കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതിയില്‍ നിന്നും ടെക്നോളജി പരമായ വിദ്യാഭ്യാസ രീതിയിലേക്ക് ഇന്ന് വിദ്യാഭ്യാസത്തിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കുട്ടികളുടെ ആന്തരിക സമ്മര്‍ദ്ദം കുറയ്ക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം. തൊഴില്ലില്ലാതെ അലഞ്ഞു തിരിയല്ലല്ല; തൊഴില്‍ ഉണ്ടാക്കാനും സംരംഭകത്വത്തിലേക്ക് തിരിയാനും തൊഴില്‍ദാതാക്കളായി മാറാനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം. അതിനായി കലാലയവും അധ്യാപക സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

കൃഷി, വ്യവസായം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഒക്കെ തന്നെയും മെച്ചപ്പെടുത്താവുന്ന രീതിയില്‍ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന രീതിയിലേക്ക് കുട്ടികളെ പരിപോഷിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം കുട്ടികള്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത അവസാനിപ്പിക്കണം. കേരളത്തിലെ മിടുക്കരായ കുട്ടികളുടെ കഴിവ് കേരളത്തിന് തന്നെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, നെഹ്റു മെമ്മോറിയല്‍ എഡ്യുക്കേഷന്‍ പ്രസിഡന്റ് സുബൈര്‍ കമ്മാടത്ത്, സെക്രട്ടറി കെ.രാമനാഥന്‍, ട്രഷറര്‍ വി.പി.ദിവാകരന്‍ നമ്പ്യാര്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.അശോകന്‍, സെനറ്റ് അംഗം ഡോ. കെ.എസ്.സുരേഷ് കുമാര്‍, പിടിഎ സെക്രട്ടറി ഡോ. പി.കെ.പ്രജിത്ത്, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് രാഘവന്‍ കുളങ്ങര, കോളേജ് ജൂനിയര്‍ സൂപ്രണ്ട് പി.കെ.ബാലഗോപാലന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.പി.അനന്തു എന്നിവര്‍ സംസാരിച്ചു. കോളേജ് മാനേജര്‍ ഡോ. കെ.വിജയരാഘവന്‍ സ്വാഗതവും റൂസ കോളേജ് ലെവല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ.നസീമ നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ. കെ.വി.മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 30 ക്ലാസ് മുറികളും അത്യാധുനിക സൗകര്യത്തോട് കൂടിയ കോണ്‍ഫറസ് ഹാളുകളും അടങ്ങിയ 3 നിലകെട്ടിടമാണ് നിര്‍മിച്ചത്. രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റൂസ) 2 കോടിയാണ് കോളേജിനായി അനുവദിച്ചത്. ഇതില്‍ 60 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നിലവിലുള്ള കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 80 ലക്ഷം രൂപയും പഠന സാമഗ്രികള്‍ വാങ്ങാനായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.