ഇതര സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ശാസ്ത്രസാങ്കേതിക വിദ്യയും കുട്ടികള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി തുടങ്ങിയ മേഖലകളിലൊക്കെയും കുട്ടികള്‍ക്ക് കോഴ്‌സുകള്‍ നല്‍കും. നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ ഈ മണ്ണില്‍ തന്നെ നില്‍ക്കണമെന്നും അവരുടെ കഴിവുകള്‍ കേരളത്തിന് തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യാഥിതിയായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശന്‍, ഹോസ്ദുര്‍ഗ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ സി.വി.നാരായണന്‍, പി. എ.സി.എസ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി കെ.പി വത്സന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ജാനകി , കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാര്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി ബി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ആര്‍. സനല്‍ കുമാര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ അനിത ജേക്കബ് നന്ദിയും പറഞ്ഞു. ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് ആണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയില്‍ 124 പേരാണ് കാഷ് അവാര്‍ഡിന് അര്‍ഹരായത്. 10,000 രൂപ മുതല്‍ 25,000രൂപ വരെയാണ് അവാര്‍ഡ് തുക. ജില്ലയില്‍ 12,50,000 രൂപയാണ് ഇത്തവണ നല്‍കുന്നത്.