അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യത്തോടെയും ഉല്‍പാദന സേവന, വികസന , ടൂറിസം മേഖലകളില്‍ തുല്യമായ പരിഗണന നല്‍കി ഈസ്റ്റ് എളേരി വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അവതരിപ്പിച്ചു. പേപ്പര്‍ രഹിതമായി ലാപ്ടോപ് ഉപയോഗിച്ചാണ് ബജറ്റവതരണം നടത്തിയത്. ആകെ 309841077 രൂപ വരവും 30825875 രൂപ ചെലവും 1589202 നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്തല്‍ , സേവന മേഖലയില്‍ ഗുണമേന്മ ഉറപ്പാക്കല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കുന്ന പദ്ധതികള്‍ എന്നിവ ബജറ്റിന്റെ ആകര്‍ഷണമാണ്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കല്‍, ദാരിദ്ര ലഘൂകരണം, മൃഗസംരക്ഷണ മേഖലയില്‍ ക്രിയാത്മകമായ ഇടപെടല്‍, ആരോഗ്യരംഗത്ത് ഊര്‍ജ്ജ്വസ്വലമായ കര്‍മ്മപദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജനം, ശുചിത്വം എന്നിവയ്ക്കും മുന്തിയ പരിഗണന നല്കുന്നതാണ് ബജറ്റ് .

തൊഴിലുറപ്പ് പദ്ധതിയിലെ വിശാല സാധ്യതകളെ ഉപയോഗപ്പെടുത്തല്‍, വനിതാ വികസനം എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്. പശ്ചാത്തല മേഖലയില്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവര്‍ക്ക് ആവശ്യമായ സ്ഥലത്ത് ഗതാഗത യോഗ്യമായ റോഡ് മാര്‍ഗ്ഗം എത്തിച്ചേരാന്‍ കഴിയുന്ന വിധത്തില്‍ മുഴുവന്‍ ഗ്രാമീണ റോഡുകളെയും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും നവീകരിക്കുന്ന ഏദന്‍ ഗ്രീന്‍ കോറിഡോര്‍ പദ്ധതിക്കു മുന്‍തൂക്കം നല്കുന്നു. അതോടൊപ്പം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ടര്‍ഫ് കോര്‍ട്ട് വോളീബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്‍, കുടുംബശ്രീ വ്യവസായ പാര്‍ക്ക് ഇവ ഉള്‍പ്പെടുന്ന ടൂറിസത്തിനും കായികവികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുള്ള ഒരു പദ്ധതിയും വരും വര്‍ഷത്തിലേക്കായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. സമ്പൂര്‍ണ ജൈവ പഞ്ചായത്തായ ഈസ്റ്റ് എളേരി കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി കമ്പല്ലൂര്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാണി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.