സ്വന്തമായി വീടില്ലാത്തവര്‍ക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അവതരിപ്പിച്ചു. 108,41,64,475 രൂപ വരവും 107,82,83,640 രൂപ ചെലവും 58,81,105 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ബജറ്റിലുണ്ട്. ഭവന നിര്‍മ്മാണത്തിനായി വിവിധ സ്രോതസ്സുകളിലായി 17.94 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി അരക്കോടിയോളം രൂപ വകയിരുത്തിയി ട്ടുണ്ട്. ഉല്പ്പാദന മേഖലയ്ക്ക് 2.63 കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സേവന മേഖലയില്‍ സ്മാര്‍ട്ട് ലൈബ്രറി അനുവദിക്കല്‍, എസ്ടി മേഖലയില്‍ പഠന വീടുകള്‍, ആയിരത്തിലധികം വനിതാ തൊഴില്‍ സംരംഭങ്ങള്‍, പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികള്‍ ബജറ്റിലുണ്ട്.
യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച പഞ്ചായത്തായ പനത്തടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് പ്രസന്ന പ്രസാദ്, സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പരപ്പ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡി.എല്‍ സുമ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയായിരുന്നു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി. ചന്ദ്രന്‍, രജനി കൃഷ്ണന്‍, പത്മകുമാരി, മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍, സെക്രട്ടറി ഒ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
