അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സൗഹൃദമായി മാറുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു നിരവധി പഞ്ചായത്തുകൾ. എന്നാൽ വർഷങ്ങൾക്ക് മുമ്പേ നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന നേട്ടം കൈവശപ്പെടുത്തിയ ഗ്രാമപഞ്ചായത്താണ് തിരുവാണിയൂർ. പഞ്ചായത്തിൻ്റെ കീഴിലുള്ള ജെൻഡർ റിസോഴ്സ് സെൻ്റർ വഴിയാണ് പ്രവർത്തനങ്ങളെല്ലാം ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് സ്ത്രീപദവിയുമായി ബന്ധപ്പെട്ട് നടത്തിയ “ട്രയിനേഴ്സ് ട്രയിനിംഗ്” പരിപാടിയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആകെയുള്ള 16 വാർഡുകളിലും ഒരേ സമയം തന്നെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിലെ തന്നെ ആദ്യത്തെ സ്ത്രീ സൗഹൃദ പഞ്ചായത്തുകളിൽ ഒന്നാണ് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്. കടുങ്ങല്ലൂർ, ആമ്പല്ലൂർ പഞ്ചായത്തുകൾക്കൊപ്പം 2019ലാണ് തിരുവാണിയൂരിനെ സ്ത്രീസൗഹൃദമായി പ്രഖ്യാപിച്ചത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളുമെല്ലാം കണ്ടെത്തുന്നതിനായി ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. തുടർന്ന് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ എം.എസ്.ഡബ്ല്യു വിദ്യാർഥികളുടെ സഹായത്തോടെ വീടുകൾ തോറും സർവേ നടത്തി.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു സർവേ. ഇതിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കുകയും ചെയ്തു. വനിതാ കമ്മീഷൻ മുൻ സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈൻ ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചാണ് സ്ത്രീ സമത്വത്തിലേക്കുള്ള പടവുകൾ പഞ്ചായത്ത് ചവിട്ടിക്കയറുന്നത്. പഞ്ചായത്തിലെ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കൂടിയായിരുന്ന പ്രൊഫ.പി.ആർ രാഘവൻ മാഷായിരുന്നു നേട്ടത്തിൻ്റെ മുഖ്യ മാർഗദർശി.

നിലവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന ജെൻഡർ റിസോഴ്സ് സെന്റർ, പല രീതിയിലും സ്ത്രീകൾക്ക് കൈത്താങ്ങ് കൂടിയാണ്. സ്ത്രീകൾ നേരിടുന്ന പല വിധത്തിലുള്ള ചൂഷണങ്ങൾ പരിഹരിക്കുന്നതിനായി പരാതി പരിഹാര സെല്ലും ഇതിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന പരാതികളിൽ പരിഹരിക്കാൻ കഴിയുന്നവയിൽ നേരിട്ട് ഇടപെടുകയും അല്ലാത്തപക്ഷം പൊലീസിന് കൈമാറുകയുമാണ് രീതി. കുട്ടികൾക്ക് ഉൾപ്പടെ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് സൗകര്യം ഒരുക്കുന്നുണ്ട്.

മാർച്ച് അഞ്ചിന് സ്ത്രീകളുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. മാർച്ച് എട്ടിനാണ് പഞ്ചായത്തിൽ “ട്രയിനേഴ്സ് ട്രെയിനിങ്” പരിപാടി സംഘടിപ്പിച്ചത്. സ്ത്രീ പദവി സംബന്ധിച്ച വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയും ലിംഗ നീതിയുമായി ബന്ധപ്പെട്ട് അവരെ സംസാരിക്കാൻ പ്രാപ്തരാക്കുകയുമായിരുന്നു ലക്ഷ്യം.
വായനശാലകൾ വഴി വനിതകളെ പുസ്തകങ്ങളുടെ ലോകത്തേക്ക് നയിക്കാനും അറിവ് വർധിപ്പിക്കാനുമുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നടപടികളും പഞ്ചായത്ത് ആരംഭിക്കുന്നുണ്ട്. ബാലസഭകൾ കേന്ദ്രീകരിച്ച് പത്ത് ആൺകുട്ടികളും പത്ത് പെൺകുട്ടികളും അടങ്ങുന്ന ജെൻഡർ ന്യൂട്രൽ ഫുട്ബോൾ ടീമും രൂപീകരിച്ചിട്ടുണ്ട്.

സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളുടെ കൂട്ടത്തിൽ എടുത്തുപറയേണ്ടത് തന്നെയാണ് പഞ്ചായത്തിലെ കുടുംബശ്രീയുടെ പ്രവർത്തനവും. 206 കുടുംബശ്രീ അയൽക്കൂട്ടങ്ങളും 25 വയോജന അയൽക്കൂട്ടങ്ങളും 21 ബാലസഭകളും പട്ടികജാതിക്കാർക്ക് മാത്രമുള്ള 11 അയൽക്കൂട്ടങ്ങളും രണ്ട് സ്പെഷ്യൽ കൂട്ടങ്ങളുമാണ് ഇവിടെയുള്ളത്. 220 ചെറുകിട വ്യവസായങ്ങളാണ് കുടുംബശ്രീയുടെ കീഴിൽ നടക്കുന്നത്. 135 കാർഷിക ഗ്രൂപ്പുകൾ വഴി വൈവിധ്യമാർന്ന കൃഷികളുമുണ്ട്.

നിലവിൽ കൈവരിച്ച നേട്ടങ്ങൾക്കു പുറമേ സ്ത്രീപദവിയുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികളും നൂതന പരിപാടികളുമായി മുന്നോട്ടുപോകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.