സമൂഹത്തിന്റെ നാനാതുറയിലുമുള്ള ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ചെമ്മനാട് കുടുംബശ്രീ. 400 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 1500 രൂപ വീതം പിരിച്ച് ആറ് ലക്ഷം രൂപ സമാഹരിച്ചും കുടുംബശ്രീ യൂണിറ്റുകളുടെ സദുദ്ദേശം കണ്ട് സുമനസ്സുകളില്‍ നിന്നും കിട്ടിയ 30000 രൂപയും ചേര്‍ത്ത് ചെമ്മനാട് മണ്ഡലിപ്പാറയിലെ അംബികയ്ക്കും മക്കള്‍ക്കും സ്നേഹത്തണലൊരുക്കിയാണ് വീട് വെച്ചു നല്‍കുന്ന പ്രവര്‍ത്തനം ആരംഭിച്ചത്.
വിവിധ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടാത്ത വീട് ലഭിക്കാന്‍ യോഗ്യരായ ജനങ്ങളില്‍ നിന്ന് വാര്‍ഡ് തലത്തില്‍ അപേക്ഷ ക്ഷണിച്ചാണ് അംബികയെ തെരഞ്ഞെടുത്തത്. വിധവയായ അംബികയും മക്കളും ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നതിനിടെ അംബികയ്ക്ക് സ്ട്രോക്ക് വരികയും കുടുംബം ബുദ്ധിമുട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് വീട് നല്‍കാനായി ഈ കുടുംബം തെരഞ്ഞെടുക്കപ്പെട്ടത്. കുടുംബ സ്വത്തായി കിട്ടിയ പത്ത് സെന്റ് സ്ഥലത്ത് കുടുംബശ്രീ നേതൃത്വത്തില്‍ രണ്ട് മുറികളോട് കൂടിയ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.
ഇതിന്റെ തുടര്‍ച്ചായായി പൊയ്നാച്ചി പറമ്പില്‍ കോലാങ്കുന്നിലെ അറുപത് വയസുകാരി ലീലാവതിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മക്കളില്ലാത്ത ഇവര്‍ക്ക് ആശ്രയ പദ്ധതിയിലൂടെ ലഭിക്കുന്ന 1,25,000 രൂപയും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും പിരിച്ചെടുക്കുന്ന തുകയും ചേര്‍ത്താണ് ഷീറ്റ് മേഞ്ഞ വീട് നല്‍കുക. പറമ്പിനകത്ത് ടാര്‍പോളിന്‍ കെട്ടി താമസിച്ചു വരുന്ന ഇവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തുണയാവുകയാണ് കുടുംബശ്രീ.
ഇതോടൊപ്പം നിരാലംബരായ രോഗികള്‍ക്ക് 7 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായമൊരുക്കിയും പാവപ്പട്ട നവവധുവിന് ആഭരണങ്ങള്‍ കൈമാറിയും ചെമ്മനാട് കുടുംബശ്രീ മാതൃകയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സ്റ്റേഷനറി കടകള്‍ അടഞ്ഞ് കിടന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിഷമം പരിഹരിക്കുന്നതിനായി ഒരുലക്ഷത്തില്‍ പരം രൂപയുടെ നോട്ടു പുസ്തകങ്ങള്‍, പേന മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ വളരെ കുറഞ്ഞ വിലക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന വീടുകളിലെത്തിച്ച് നല്‍കിയിട്ടുണ്ട്. സി.ഡി.എസിന്റെ നേതൃത്വത്തില്‍ മാര്യേജ് ബ്യൂറോ, എംപ്ലോയ്മെന്റ രജിസ്ടേഷന്‍, എന്നിവ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്.
പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നം നിറമുള്ളതാക്കാന്‍ ഒരു തവണ ഉപയോഗിച്ച കല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുന്ന പുതിയ പരിപാടി പരിഗണനയിലുണ്ട്. 2022-23 വര്‍ഷം ചാരിറ്റി വര്‍ഷമായി തെരഞ്ഞെടുത്ത് ഓരോ മാസവും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മെമ്പര്‍ സെക്രട്ടറി എം.കെ പ്രതീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.