ഏറെ പേരുകേട്ട ഭൂതത്താന്‍കെട്ട് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് പിണ്ടിമന. ഒരു കാര്‍ഷിക ഗ്രാമം കൂടിയാണിത്. പഞ്ചായത്തിന്റെ ഉന്നതിക്കായി വിവിധ പദ്ധതികളാണ് ഭരണസമിതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജുവിന്റെ വാക്കുകളിലേക്ക് …

കോവിഡ് പ്രതിരോധം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ
മികച്ച രീതിയിലാണ് പഞ്ചായത്ത് നടപ്പാക്കിയത്. ആദ്യം 50 കിടക്കകളുള്ള ഡി.സി.സി സജ്ജമാക്കി. അവിടേക്കാവശ്യമായ മരുന്നും ഭക്ഷണവും കൃത്യമായി എത്തിച്ചു. പരിശോധനയ്ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കി. വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഔട്ട് റീച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വിതരണം നടക്കുന്നു. കുട്ടികളുടെ വാക്സിനേഷൻ പുരോഗമിക്കുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഏകദേശം 20 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു.

ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ക്ക് വേണ്ട സാഹായങ്ങളും പഞ്ചായത്ത് നല്‍കിവരുന്നു. ആയുര്‍വേദ ആശുപത്രിക്കായി എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇവിടേക്കുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി പഞ്ചായത്ത് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു.

കുടിവെള്ളക്ഷാമം

പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം വ്യാപകമല്ലെങ്കിലും ചില പ്രദേശങ്ങളില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജല ജീവന്‍ മിഷന്റെ ഭാഗമായി 2,998 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ആയിരത്തിന് മുകളില്‍ കണക്ഷന്‍ കൊടുത്തു. അതിനോടനുബന്ധിച്ച് പമ്പിങ് ഷിഫ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പൈപ്പ് ലൈന്‍ നീട്ടലിന് 20 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി ; വൈകാതെ അത് കൈമാറും. കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ നാല് ചിറകള്‍ വൃത്തിയാക്കി. ചെളിയും മണ്ണും ഉള്‍പ്പെടെ നീക്കിയാണ് നവീകരണം നടത്തിയത്.

ബയോപാര്‍ക്ക്

പഞ്ചായത്തില്‍ ഒരു ബയോപാര്‍ക്ക് ഒരുങ്ങുകയാണ്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവും തൊഴിലുറപ്പിന്റെ അഞ്ച് ലക്ഷവും ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങൾക്കുമുൾപ്പെടെ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ ഒരിടം എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

പിണ്ടിമന പഞ്ചായത്തിലാണ് പ്രശസ്തമായ ഭൂതത്താന്‍കെട്ട് സ്ഥിതി ചെയ്യുന്നത്. അവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ ‘ ടേക് എ ബ്രേക്ക്’ കേന്ദ്രം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. പെരിയാര്‍ വാലിയുടെ അനുമതി കിട്ടുന്നമുറയ്ക്ക് അതിന്റെ നിര്‍മ്മാണം നടത്തും.

പൊതുവിദ്യാലയങ്ങള്‍

പഞ്ചായത്തിന് കീഴില്‍ രണ്ട് പൊതുവിദ്യാലയങ്ങളാണുള്ളത്; ചെങ്കര സ്‌കൂളും ചേലാട് സ്‌കൂളും. ഈ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും എല്ലാവിധ സഹായങ്ങളും പഞ്ചായത്ത് നല്‍കുന്നുണ്ട്. ചെങ്കര സ്‌കൂളില്‍ ഒരു ബസ് ഷെഡ് ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മിച്ചു. ഈ രണ്ട് വിദ്യാലയങ്ങളും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ ശുചീകരിച്ചു. അങ്കണവാടികളുടെ പ്രവര്‍ത്തനത്തിനും പിന്തുണ നല്‍കി വരുന്നു.

എസ്.സി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് പുറമെ ലാപ്‌ടോപ്പും മറ്റ് പഠനോപകരണങ്ങളും പഞ്ചായത്ത് വിതരണം ചെയ്തു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിച്ചിരുന്ന പരമാവധി കുട്ടികള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകള്‍ വഴി സഹായം എത്തിച്ചു.
പഞ്ചായത്തില്‍ അതിഥിതൊഴിലാളികള്‍ കുടുംബമായി താമസിച്ച് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം ബി.ആര്‍.സിയുമായി ചേര്‍ന്ന് പഞ്ചായത്ത് ഒരുക്കി. ഐരൂര്‍പാടത്താണ് ഈ പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബി.ആര്‍.സിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇക്കുറി അപേക്ഷ നല്‍കിയ എല്ലാ കര്‍ഷകര്‍ക്കും കൃത്യസമയത്ത് തന്നെ വളം ലഭ്യമാക്കി. വനിതകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ക്ഷീരമേഖലയില്‍ കാലിത്തീറ്റ സബ്‌സിഡി, പാലിന് ഇന്‍സെന്റീവ് തുടങ്ങിയവ ലഭ്യമാക്കി വരുന്നു. അര്‍ഹരായവര്‍ക്ക് പശുവിനെ വാങ്ങാനുള്ള സഹായവും നൽകി. ആടുകളെയും വിതരണം ചെയ്തിരുന്നു.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കൃഷിഭവനോട് ചേര്‍ന്ന് ഒരു കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ കേന്ദ്രം വിപുലപ്പെടുത്താൻ ലക്ഷ്യമിടുന്നു. അതിനായി പെരിയാര്‍ വാലിയുടെ സ്ഥലം വിട്ടുകിട്ടാന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. അത് കിട്ടുന്ന മുറയ്ക്ക് കാര്‍ഷിക വിപണി വിപുലീകരിക്കും.

കുടുംബശ്രീ

കുടുംബശ്രീയുടെ പ്രവര്‍ത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കായി ഒരു ലക്ഷം പച്ചക്കറി വിത്തുകള്‍ നൽകി. കുടുംബശ്രീ സ്വയംസഹായ സംഘത്തിന് ഒരു പൊടി മില്ല് തുടങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

മുന്നിലുള്ളത്

പഞ്ചായത്തില്‍ നിലവില്‍ ഒരു മാവേലി സ്‌റ്റോറാണുള്ളത്. മറ്റൊരു സ്റ്റോർ കൂടി വന്നാല്‍ ജനങ്ങള്‍ക്ക് വലിയ ഉപകാരമായിരിക്കും. അതിനായി പഞ്ചായത്ത് ശ്രമം നടത്തിവരുന്നു.

പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കിടത്തി ചികിത്സ ആരംഭിക്കണമെന്നതും മറ്റൊരു ലക്ഷ്യമാണ്.

അമല്‍ കെ.വി