ആരോഗ്യ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്കാര നിറവിൽ പുറമേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിൽ മൂന്നാം സ്ഥാനമാണ് പുറമേരി ഗ്രാമ പഞ്ചായത്ത് നേടിയത്. 2 ലക്ഷം രൂപയാണ് അവാർഡ് തുക.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്സിനേഷൻ സംവിധാനം, പകർച്ചവ്യാധി നിയന്ത്രണം, കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രികളുടെ സംഘാടനം എന്നീ ഘടകങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
പുറമേരി പിഎച്ച്സിയിൽ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് പശ്ചാത്തല സൗകര്യം വികസിപ്പിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യുഎഎസ് പുരസ്കാരം ലഭിച്ചിരുന്നു. ആയുർവേദ ആശുപത്രിയും നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് വാക്സിനേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കൃത്യമായി ഇടപെടാനും ഭരണ സമിതിക്കും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും സാധിച്ചതായി പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്മി പറഞ്ഞു.
ആയുർവേദ ആശുപത്രിയെ കിടത്തി ചികിത്സ കേന്ദ്രമാക്കാനുള്ള പദ്ധതി രേഖയും പഞ്ചായത്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.