തിരുവനന്തപുരം കല്ലറ പഞ്ചായത്തിൽ പുതിയ നാല് അങ്കണവാടി ബഹുനിലകെട്ടിടങ്ങൾ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കഴുകൻപച്ച, നെടുന്തേരിക്കുന്ന്, ചെറുവാളം, മുണ്ടോണിക്കര എന്നിവിടങ്ങളിലാണ് ബഹുനിലകെട്ടിടങ്ങൾ നിർമിച്ചത്. 14.5 ലക്ഷം രൂപ വീതം നിർമാണത്തനായി ചെലവഴിച്ചു. ആധുനിക രീതിയിൽ പണികഴിപ്പിച്ച കെട്ടിടങ്ങളിൽ കുട്ടികൾക്ക് കളിക്കോപ്പുകളും പഠന വസ്തുക്കളും ഫർണിച്ചറും ഒരുക്കിയിട്ടുണ്ട്. നിരവധി പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ കഴിയുന്ന അടുക്കളയും ശൗചാലയവും ഇതിനോടൊപ്പമുണ്ട്.

കുട്ടികളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകപരിപാലന കേന്ദ്രങ്ങൾ കൂടിയായ അങ്കണവാടികൾ ഗ്രാമ പ്രദേശങ്ങളുടെ തനത് പ്രസ്ഥാനമായി പ്രവർത്തിക്കുമെന്ന് ഡി.കെ മുരളി എം.എൽ.എ പറഞ്ഞു. സാമൂഹിക ഇടപെടലുകൾക്കുള്ള വേദികൂടിയാണ് അങ്കണവാടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.