സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചറിയാനും ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല ആപ്പ് ഇനി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഇതുവരെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ്
ആപ്പ് കിട്ടിയിരുന്നത്. എന്റെ ജില്ല ആപ്പിന്റെ ഐഫോണ്‍ പതിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഓഫീസിന്റെ ഫോണിലും ഇ-മെയിലിലും ഓഫീസുകളിലേക്ക് ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യം എന്റെ ജില്ല ആപ്പിലുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ ആവശ്യമുള്ള ജില്ല തെരഞ്ഞെടുക്കാം. തുടര്‍ന്ന് വരുന്ന പേജില്‍ വകുപ്പ് തെരഞ്ഞെടുത്ത് വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പട്ടിക ലഭിക്കും. ആവശ്യമുള്ള ഓഫീസ് ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. ഓഫീസ് ക്ലിക്ക് ചെയ്താല്‍ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ലഭിക്കും. ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനും ആപ്പിലുണ്ട്. എന്റെ ജില്ല ആപ്പില്‍ കാസര്‍കോട് ജില്ലയ്ക്കുള്ള സ്വീകാര്യതയും ഏറി വരികയാണ്. ഇതുവരെ ജില്ലയ്ക്ക് 414 ആപ്പ് റിവ്യൂ ലഭിച്ചു. ആപ്പിന്റെ സേവനത്തിനുള്ള അംഗീകാരമായി 208 ഫൈവ് സ്റ്റാറും കിട്ടിയിട്ടുണ്ട്.