നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ് ഒരു സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലയോര മേഖലയില്‍ കാഞ്ഞങ്ങാട്- ഉദുമ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന എരുമക്കുളം- താന്നിയാടി റോഡ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെ ഭയന്ന് ഒളിച്ചോടുന്നത് സര്‍ക്കാരിന്റെ ധര്‍മ്മമല്ല. ചിലര്‍ക്ക് എന്തിനെയും എതിര്‍ക്കുന്ന സമീപനമുണ്ട്. ഗെയ്ല്‍ പദ്ധതി, ദേശീയ പാത വികസനം ഉള്‍പ്പടെ മുടങ്ങിക്കിടന്ന, അല്ലെങ്കില്‍ നടക്കില്ല എന്നു കണക്കാക്കിയ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതില്‍ സര്‍ക്കാരിനു ചാരിതാര്‍ഥ്യമുണ്ട്. ഇത്തരം വികസന പദ്ധതികള്‍ വരുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകാം. എന്നാല്‍ എതിര്‍ക്കുന്നവരുടേതാണ് നാട് എന്ന് നാം കാണരുത്. ഇത്തരം വികസനങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. നാട്ടിലുള്ള സര്‍ക്കാര്‍ നാടിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യതയുള്ളവരാണ്.
തീരദേശ, മലയോര ഹൈവേ കൂടാതെ ദേശീയ പാത വികസനം പൂര്‍ണതയിലേക്ക് എത്തുന്നു. പശ്ചാത്തല സൗകര്യം കേവലം റോഡ് മാത്രമല്ല. കോവളം – ബേക്കല്‍ ജലപാത സംസ്ഥാനത്തെ ഉയരത്തില്‍ എത്തിക്കും. ടൂറിസത്തിനു ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാര്‍ ഈ പദ്ധതിക്ക് സാധിക്കും. സംസ്ഥാനത്ത് നിലവിലുള്ള നാല് എയര്‍ പോര്‍ട്ട് കൂടാതെ ശബരിമലയില്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള തീര്‍ത്ഥാടകര്‍ക്കായി പുതുതായി ഒരു വിമാനത്താവളത്തിനായുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തുന്നു. അതുപോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നു. പുതിയ ഒരു സംസ്‌കാരത്തിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നു. അതിന്റെ ഭാഗമായി എല്ലാം നവീകരിക്കാന്‍ ജനം ആഗ്രഹിക്കുന്നു.
ഇന്ന് കിഫ്ബി വഴി 62000 കോടി രൂപയുടെ പദ്ധതികള്‍ കേരളത്തില്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ വികസനങ്ങള്‍ ഇതിന്റെ ഭാഗമായി ഇവിടെയുണ്ടായി. ഇവിടെ ഒന്നും നടക്കില്ല എന്ന ഒരു ചിന്താഗതി നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ അനുഭവത്തില്‍ നിന്നാണ് ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഉണ്ടായത്. എന്നാല്‍ ആ ചിന്താഗതി മാറ്റിയെടുക്കാന്‍ സര്‍ക്കാരിനായി. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യ സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നീട് വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നവീകരണം പൂര്‍ത്തിയാക്കിയ 51 റോഡുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതം പറഞ്ഞു.കോടോം- ബേളൂര്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന 1.20 കിലോമീറ്റര്‍ റോഡാണ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തതത്. ഇ . ചന്ദ്രശേഖരന്‍ എംഎല്‍എ ഇടപ്പെട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയ റോഡിന് സര്‍ക്കാര്‍ 2.35 കോടി രൂപ അനുവദിച്ചിരുന്നു. അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഗ്രാനുലാര്‍ സബ് ബേസ്, വെറ്റ്മിക്‌സ് മെക്കാഡം എന്നീ ലെയറുകള്‍ക്ക് മുകളില്‍ ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നീ ടാറിംഗ് ലെയറുകളും ഇട്ടാണ് റോഡ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇവ കൂടാതെ റോഡിന്റെ വശങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, കോണ്‍ക്രീറ്റ് ഓവുചാലുകള്‍ എന്നിവയും ഈ പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡ് മാര്‍ക്കിംഗുകള്‍, റോഡ് സ്റ്റഡുകള്‍ സുരക്ഷാ ട്രാഫിക്ക് ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുളള സുരക്ഷാ ക്രമീകരണങ്ങളും റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമാണ് റോഡിന്റെ പരിപാലന കാലാവധി.എരുമക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഫലകം അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള അധ്യക്ഷയായി. പൊതു മരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷബിന്‍ ചന്ദ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ശ്രീലത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.കുഞ്ഞികൃഷ്ണന്‍, ബിന്ദു കൃഷ്ണന്‍ , ടി. കോരന്‍ , ടി.കെ. രാമചന്ദ്രന്‍ , പി.ഗോവിന്ദന്‍, പി. ബാലചന്ദ്രന്‍, വിജയന്‍ മുളവനുര്‍ , ജോസഫ് വടകര, സാജു ജോസഫ് പാമ്പക്കല്‍ , അബ്രഹാം തോണക്കര തുടങ്ങിയവര്‍ സംസാരിച്ചു