കുളത്തൂപ്പുഴയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി ഹൈടെക് ക്ലാസ് മുറികളും. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ എഡ്യൂ- സ്മാര്‍ട്ട് പദ്ധതിയിലൂടെയാണ് ഏഴ് സ്‌കൂളുകളില്‍ ഒമ്പത് ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മിച്ചിട്ടുള്ളത്. പൂര്‍ത്തീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം  കണ്ടന്‍ചിറ സ്‌കൂളില്‍ നടന്ന ചടങ്ങില്‍  പി. എസ.് സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള  എഡ്യൂ -സ്മാര്‍ട്ട് പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ കുളത്തൂപ്പുഴ ടൗണ്‍ യു പി സ്‌കൂളിന് മൂന്ന് ഹൈടെക് ക്ലാസ് മുറികളും ചോഴിയക്കോട് എല്‍.പി.എസ്, കണ്ടന്‍ചിറ എല്‍.പി.എസ്, ചെറുകര എല്‍.പി.എസ്, വില്ലുമല ടി.എല്‍.പി.എസ്, കടമാന്‍കോട് ടി.എല്‍.പി.എസ്, ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഓരോ ക്ലാസ് മുറികളുമാണ് നിര്‍മിച്ചിട്ടുള്ളത്. 32 ലക്ഷം രൂപയാണ് എഡ്യൂ -സ്മാര്‍ട്ട് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഇന്‍ട്രാക്ടീവ് ടച്ച് പാനല്‍ വിത്ത് മിനി കമ്പ്യൂട്ടര്‍, പോര്‍ട്ടബിള്‍ റൈറ്റിങ് ബോര്‍ഡ്, ബഞ്ച് -ഡസ്‌ക്, ടീച്ചേഴ്‌സ് ടേബിള്‍ ആന്‍ഡ് ചെയര്‍ എന്നിവയാണ് ഓരോ ക്ലാസ്സ് മുറികളിലുമുള്ളത്. കൂടാതെ മനോഹരമായ പെയിന്റിംഗും മുറികളുടെ സവിശേഷതയാണ്. വരുംവര്‍ഷങ്ങളിലും പദ്ധതിയിലൂടെ കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.