വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ് സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗര•ാരുടെ ക്ഷേമത്തിനായി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സബ് കലക്ടര്‍ പറഞ്ഞു . വയോജനങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ കൃത്യമായി പരാതിപ്പെടണം. ഹെല്‍പ്പ് ലൈന്‍ നമ്പരായ 14567 ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും എല്‍ഡര്‍ ലൈനിന്റെയും സേവനങ്ങള്‍ സംബന്ധിച്ച കിയോസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍. എസ്. നായര്‍ സൗജന്യ ആരോഗ്യ പരിശോധനക്ക് നേതൃത്വം നല്‍കി.
ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ എന്നീ പരിശോധനകളും ക്യാമ്പില്‍ സൗജന്യമായി ലഭ്യമാക്കി. ക്യാമ്പിനോടനുബന്ധിച്ച് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കിയോസ്‌കില്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ പരാതികള്‍ സ്വീകരിച്ചു.
റവന്യൂ ഡിസിഷന്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് അനില്‍ ഫിലിപ്പ്, എല്‍ഡര്‍ ലൈന്‍ പ്രൊജക്റ്റ് അംഗം വിശാല്‍. പി. തോമസ് , സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം എന്‍. ചന്ദ്രശേഖരന്‍ പിള്ള, ട്രാവന്‍കൂര്‍ മെഡിസിറ്റി പബ്ലിക് റിലേഷന്‍സ് മാനേജര്‍ ജെ. ജോണ്‍,ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. ആര്‍ രത്‌നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.