* പ്രാതൽ മുതൽ അത്താഴം വരെ കഴിച്ചു മടങ്ങാം
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന സരസ് മേളയിൽ ഭക്ഷണ പ്രേമികളുടെ വൻ തിരക്ക്. വേനൽ ചൂടിനെ ശമിപ്പിക്കാൻ ശീതളപാനീയങ്ങളിൽ തുടങ്ങി രാത്രിയിലെ അത്താഴം വരെ കഴിച്ചു മടങ്ങുന്ന തരത്തിലാണ് മേളയിലെ സന്ദർശകരുടെ തിരക്ക്. എന്നാൽ ഒറ്റദിവസം കൊണ്ട് ഫുഡ് കോർട്ട് ആസ്വദിക്കാവുമെന്നത് വ്യാമോഹമാണ്. പലയിടങ്ങളിലെയും വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ ഈ ഇടം പൂർണമായി അറിയാൻ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ആവശ്യമാണ്.
ആലപ്പുഴയിലെ 100 രൂപയുടെ ഊണിനു കഴിഞ്ഞ ദിവസം ആവശ്യക്കാർ ഏറെയായിരുന്നു. തൃശൂരിന്റെ ചിക്കൻ മസാല ദോശയും അട്ടപ്പാടിയുടെ വന സുന്ദരിയും ഭക്ഷണപ്രേമികളുടെ പ്ളേറ്റുകളിൽ ഇടം നേടി.
കോട്ടയത്തിന്റെ കപ്പയും മീനും ഇടുക്കിയുടെ പിടിയും കോഴിയും കാസർകോടിന്റെ ചിക്കൻ ഡ്രം സ്റ്റിക്കും ജനഹൃദയം കീഴടക്കി.കൂടാതെ പഞ്ചാബിലെ പാനി പൂരി, അസമിന്റെ ചിക്കൻ മോമോസും മഷ്‌റൂം ഫ്രൈഡ് റൈസും മലയാളികൾക്ക് പുതുമയുടെ രുചി നൽകി. മാർച്ച് 31 നു ആരംഭിച്ച ആജീവിക ഫുഡ് കോർട്ട് ഏപ്രിൽ 10 വരെ തുടരും.