തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയ്ക്ക് എടവനക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ 15 വാർഡുകളിൽ ‘ഒരു വാർഡിൽ ഒരു തോട്’ പദ്ധതി പ്രകാരം ശുചീകരണം ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മൂന്നാം വാർഡിലെ ഇല്ലത്തുനികം തോട് പരിസരത്ത് പ്രസിഡൻ്റ് അസീന അബ്ദുൽസലാം നിർവഹിച്ചു.

തോടുകളിലെ ചെളിയും എക്കലും നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് കൂട്ടാനുള്ള നടപടികളാണ് ചെയ്തു വരുന്നത്. ജനപങ്കാളിത്തത്തോടെ തൊഴിലുറപ്പ് പ്രവർത്തകരാണ് ശുചീകരണം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. വൈസ് പ്രസിഡൻ്റ് ഇക്ബാൽ, പഞ്ചായത്ത് അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, മുൻ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.