അക്രമികളില്‍ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങു മാര്‍ഗ്ഗങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യമായി പകര്‍ന്നുനല്‍കുന്ന പോലീസിന്റെ സ്റ്റാള്‍ കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പ്രദര്‍ശനത്തില്‍ പ്രധാന ആകര്‍ഷണമാകുന്നു.ആയുധം ഉപയോഗിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ക്ലാസുകള്‍ നല്‍കുന്നത്. നിരത്തുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്ത്രീകള്‍ നേരിടാന്‍ ഇടയുള്ള അതിക്രമങ്ങള്‍, ശാരീരികാക്രമണത്തിനു മുതിരുന്നവരെ കീഴ്‌പ്പെടുത്തുന്ന വിധം എന്നിവ കാണികള്‍ക്കു ഏറെ ഗുണകരമാണ് . മാലയും ബാഗും പിടിച്ചു പറിച്ചോടുന്നവരെ കീഴ്‌പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാന്‍ അനുവദിക്കാതെ തളക്കുന്നതും ഇവിടെ കാണാം.കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറുകണക്കിനാളുകളാണ് പോലീസ് സ്റ്റാളിനു സമീപത്തെ താത്കാലിക പരിശീലന കേന്ദ്രത്തിലെത്തി പരിശീലനമുറകള്‍ മനസ്സിലാക്കുന്നത്. സന്ദര്‍ശകര്‍ക്ക് കളത്തിലിറങ്ങി വനിതാ മാസ്റ്റര്‍ ട്രെയിനര്‍മാരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും സൗകര്യമുണ്ട് .2015-ല്‍ സംസ്ഥാനത്താരംഭിച്ച വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി ലക്ഷക്കണക്കിന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസുദ്യോഗസ്ഥര്‍ക്കാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനം പൂര്‍ണമായും സൗജന്യമാണ്. വിദ്യാലയങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, മറ്റു കൂട്ടായ്മകള്‍ വനിതകള്‍ക്കു അതാതു സ്ഥലങ്ങളിലെത്തി പരിശീലനം നല്‍കും. nodalofficer.wsdt.phq@gmail.com എന്നാണ് മെയില്‍ വിലാസം .ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടി സംസ്ഥാനവ്യാപകമായി ഏകോപിപ്പിക്കുന്നതു സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ്കുമാറും സംഘവുമാണ് .