എറണാകുളം ജില്ലയില്‍ പാമ്പാക്കുട ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് രാമമംഗലം. കര്‍ഷക ഗ്രാമമായ രാമമംഗലത്തിന് ഹൈന്ദവ പുരാണങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഐതിഹ്യം. ശ്രീരാമന്റെ വിവാഹം (മംഗലം) നടന്ന പ്രദേശം എന്ന നിലയിലാണ് ‘രാമമംഗലം’ എന്ന് പേര് വന്നതെന്നാണ് പഴമൊഴി. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഇടകലര്‍ന്ന സംസ്‌കാരം നിലനില്‍ക്കുന്ന ഈ നാട് പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പഞ്ചായത്തില്‍ ടൂറിസം മേഖലയിലും ഏറെ പ്രതീക്ഷകളുണ്ട്. സമഗ്ര മേഖലയിലും രാമമംഗലം ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ്…
കോവിഡ് കാലത്തെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍
കോവിഡ് രണ്ടാം തരംഗ സമയത്ത് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരും ദ്രുതകര്‍മ്മസേനയും ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്ററും രോഗവ്യാപനം കൂടിയപ്പോള്‍ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും ആരംഭിച്ചു. രാമമംഗലം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കൊച്ചിന്‍ റിഫൈനറിയുമായി സഹകരിച്ച് 33 ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കി. നിലവില്‍ രോഗങ്ങളാലും മറ്റ് കാരണങ്ങളാലും വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഒഴികെ മുഴുവന്‍ പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്.
കായകല്‍പ്പ പുരസ്‌കാരത്തിന്റെ നിറവില്‍ രാമമംഗലം
സംസ്ഥാന സര്‍ക്കാരിന്റെ കായകല്പ പുരസ്‌കാരം തേടിയെത്തിയ ആശുപത്രികളില്‍ ഒന്നായിരുന്നു രാമമംഗലം സാമൂഹ്യ ആരോഗ്യകേന്ദ്രം. സംസ്ഥാനത്തെ ഏറ്റവും മികച്ച 13 ആരോഗ്യകേന്ദ്രങ്ങളെയാണ് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളും മാനദണ്ഡമാക്കിയായിരുന്നു അവാര്‍ഡ് നിര്‍ണയം. മലമ്പനി മുക്ത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാമമംഗലത്ത് മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും നിരന്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കര്‍ഷകര്‍ക്കും തൊഴിലുറപ്പ് ജീവനക്കാര്‍ക്കും എലിപ്പനി അടക്കമുള്ളവയുടെ പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ട്.
കൃഷിക്ക് പ്രഥമ പരിഗണന
കാര്‍ഷിക ഗ്രാമം എന്ന് ഖ്യാതി കേട്ട രാമമംഗലം പഞ്ചായത്ത് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് കൃഷിക്ക് തന്നെയാണ്. നെല്‍കൃഷിക്ക് കൂലിച്ചെലവ് സബ്‌സിഡിയായി ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉള്‍പ്പെടെ 20 ലക്ഷം രൂപയായിരുന്നു പഞ്ചായത്ത് വിതരണം ചെയ്തത്. 10 പാടശേഖര സമിതികളാണ് രാമമംഗലത്തുള്ളത്. കൃഷിയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെയുള്ള സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയുടെ ചെറുപതിപ്പാണ് രാമമംഗലം പഞ്ചായത്ത്. ആകെയുള്ള 13 വാര്‍ഡുകളില്‍ ഏഴെണ്ണവും മൂവാറ്റുപുഴയാറിന്റെ തീരത്താണ്. നെല്ല് ഉള്‍പ്പെടെയുള്ളവ പ്രധാനമായും കൃഷി ചെയ്യുന്നത് സമതല പ്രദേശത്താണ്. ഉയര്‍ന്ന പ്രദേശമായ ഊരമന മേഖലയില്‍ നാണ്യവിളയായ റബ്ബറാണ് പ്രധാന കൃഷി. കൃഷിവകുപ്പും കേരള ലാന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് വിവിധപദ്ധതികള്‍ നടപ്പാക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
പാമ്പൂരിച്ചാല്‍ നവീകരണ പദ്ധതി
150 ഹെക്ടര്‍ വരുന്ന ചതുപ്പ് പ്രദേശത്ത് നെല്‍കൃഷി തുടങ്ങുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണിത്. കെ.എല്‍.ഡി.സിയുടെ സഹായത്തോടെയാണ് പാമ്പൂരിച്ചാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എക്കലും ചളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്നതോടെ കൃഷിക്കായി കൂടുതല്‍ വെള്ളം ഉപയോഗപ്പെടുത്താനും വെള്ളത്തിന്റെ നീരൊഴുക്ക് സുഗമമാക്കാനും കഴിയും. പ്രളയ സാധ്യത കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ പ്രദേശത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കാനും കഴിയും.
ഊരമന ശിവലി ചാല്‍ പദ്ധതി
രാമമംഗലം പഞ്ചായത്ത് നടപ്പാക്കുന്ന ബൃഹദ് പദ്ധതികളില്‍ ഒന്നാണ് ഊരമന ശിവലി ചാല്‍ പദ്ധതി. ശിവലി ചാല്‍ പാടശേഖരത്തോട് അനുബന്ധിച്ചുള്ള മൂന്ന് ചാലുകളും കൈത്തോടുകളും കുളങ്ങളും വൃത്തിയാക്കി ആഴം കൂട്ടി നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതോടെ 200 ഹെക്ടര്‍ പ്രദേശത്ത് കൂടി കൃഷി ആരംഭിക്കാനാകും. കെ.എല്‍.ഡി.സിയുടെ സഹകരണത്തോടെ തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ട്രാക്ടറുകളും കൊയ്ത്ത് മെതി യന്ത്രങ്ങളും പാടശേഖരത്തിലേക്ക് ഇറക്കാനുള്ള റാമ്പുകള്‍, അധികമായെത്തുന്ന ജലം ഒഴുക്കി കളയാനുമുള്ള സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ഓപ്പറേഷന്‍ വാഹിനിയുമായി ബന്ധപ്പെട്ടും കൂടുതല്‍ കൈത്തോടുകള്‍ വൃത്തിയാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിവിധ പദ്ധതികള്‍ വഴി രാമമംഗലം പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്ത് ആക്കാനാണ് ഭരണസമിതിയുടെ തീരുമാനം
ശുചിത്വം കാക്കാന്‍ ഹരിത കര്‍മസേന
ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്നത്. 26 പേര്‍ അടങ്ങുന്ന ഹരിത കര്‍മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ മിനി എം.സി.എഫുകളില്‍ സംഭരിക്കുകയും ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു. ഉറവിട മാലിന്യ സംസ്‌കരണത്തിനായി സോക് പിറ്റുകള്‍, ബയോബിന്‍ തുടങ്ങിയ സംവിധാനങ്ങളും സബ്‌സിഡി നിരക്കില്‍ നല്‍കുന്നു
സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന് കുടുംബശ്രീ
കുടുംബശ്രീയുടെ സഹായത്തോടെയാണ് വനിതകളെ മുന്‍പന്തിയിലേക്ക് എത്തിക്കാനുള്ള വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാമമംഗലം പഞ്ചായത്തിലെ സി.ഡി.എസിന് മികച്ച പ്രകടനങ്ങള്‍ക്കുള്ള മോഡല്‍ സി.ഡി.എസ് പദവി ലഭിച്ചിട്ടുണ്ട്. കൗണ്‍സിലിംഗുകള്‍ നല്‍കുന്നതിന് പുറമെ വിവിധ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇവര്‍ക്ക് കഴിയുന്നു. കുടുംബശ്രീയുടെ കിയോസ്‌ക്കുകള്‍ വഴി നിരവധി വനിതകള്‍ക്കാണ് സ്വയംതൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന ജനകീയ ഹോട്ടല്‍ വഴി പണമില്ലെങ്കിലും വിശപ്പ് മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വനിതകള്‍ക്കായുള്ള സ്ഥിരം പദ്ധതികളും കൃത്യമായി നടപ്പാക്കുന്നുണ്ട്.
ഭിന്നശേഷി സൗഹൃദ പദ്ധതികള്‍
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ് ആവുകയാണ് രാമമംഗലം പഞ്ചായത്ത്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്; സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നു. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പുതുതായി ചവിട്ടി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
കുടിവെള്ള വിതരണത്തിന് പദ്ധതികള്‍
നിലവില്‍ പഞ്ചായത്തിലുള്ള കുടിവെള്ള പ്ലാന്റ് വഴിയാണ് സമീപ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമവും പരിഹരിക്കുന്നത്. ജലജീവന്‍ പദ്ധതിവഴി ഇതിനോടകം 720 പേര്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കിയത്. പഞ്ചായത്തിലെ ചിലയിടങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. പ്രതിസന്ധി മറികടക്കാന്‍ നിലവിലുള്ള പ്ലാന്റ് പൊളിച്ചുപണിയുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. മറ്റൊരു പദ്ധതിയായ മാമലശ്ശേരി കുടിവെള്ള പദ്ധതി ജനകീയ സമിതി രൂപീകരിച്ചാണ് നടപ്പാക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍
പഞ്ചായത്തിലൂടെ പോകുന്ന പ്രധാന റോഡുകളില്‍ ഒന്നാണ് കുമരകം-നെടുമ്പാശേരി റോഡ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഈ റോഡ് പുതുക്കിപ്പണിയുന്നതിനോടൊപ്പം വീതി കൂട്ടാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും.
നികുതി പിരിവില്‍ 100 ശതമാനം
വര്‍ഷങ്ങളായി 100 ശതമാനം നികുതി പിരിവ് എന്ന നേട്ടം കൈവരിക്കുന്ന പഞ്ചായത്താണ് രാമമംഗലം. ഇക്കുറിയും ഈ നേട്ടം കൈവരിക്കാന്‍ പഞ്ചായത്തിനായി.
ടൂറിസം മേഖലയില്‍ പുത്തന്‍ പ്രതീക്ഷ
ഗ്രാമഭംഗിയുടെ അഭൂത സൗന്ദര്യവും സവിശേഷമായ ഭൂപ്രകൃതിയുമുള്ളതിനാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണ് രാമമംഗലം. പുരാണവുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ലോകപ്രശസ്ത സംഗീതജ്ഞനായിരുന്ന ഷഡ്കാല ഗോവിന്ദമാരാര്‍ ജനിച്ചതും വളര്‍ന്നതും രാമമംഗലത്താണ് എന്നാണ് ഐതിഹ്യം. ഇതിനോടനുബന്ധിച്ച് സ്മൃതി മണ്ഡപവും സാംസ്‌കാരിക കേന്ദ്രവും ഇവിടെയുണ്ട്. ഒരുവശത്ത് മലമ്പ്രദേശം ആയതിനാല്‍ ട്രക്കിംഗ്, ഓഫ് റോഡ് റേസിംഗ് മത്സരങ്ങള്‍ എന്നിവ നടത്താനുള്ള സൗകര്യവും ഉണ്ട്. മറുവശത്ത് തീരപ്രദേശമായതിനാല്‍ കയാക്കിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ക്കും സൗകര്യം ഉണ്ട്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി പ്രത്യേക ടൂറിസം പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അഭിമുഖം: ഉമര്‍ ഫാറൂഖ് എന്‍.എ